തെലുങ്കാനയിൽ കോൺഗ്രസ്-സിപിഐ സഖ്യം
Tuesday, March 11, 2025 2:51 AM IST
ഹൈദരാബാദ്: തെലുങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- സിപിഐ സഖ്യം. മൂന്നു സീറ്റുകളിൽ കോൺഗ്രസും ഒരു സീറ്റിൽ സിപിഐയും എതിരില്ലാതെ വിജയിച്ചു. ഒരു സീറ്റ് ബിആർഎസിനു ലഭിച്ചു. എംഎൽഎമാരുടെ ക്വോട്ടയിലേക്കാണു തെരഞ്ഞെടുപ്പ്.
അഞ്ചു സീറ്റുകളിലേക്ക് അഞ്ചു സ്ഥാനാർഥികൾ മാത്രമാണു പത്രിക നല്കിയത്. ഇതോടെ ഇവരെല്ലാം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാലു ബിആർഎസുകാരും ഒരു എഐഎംഐഎം അംഗവും വിരമിച്ച ഒഴിവാണു തെരഞ്ഞെടുപ്പ്.
പ്രമുഖ നടി വിജയശാന്തി, ദയാകർ, ശങ്കർ നായിക് എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗങ്ങൾ. നെല്ലികാന്തി സത്യം ആണ് തെരഞ്ഞെടുക്കപ്പെട്ട സിപിഐ അംഗം. ശ്രാവൺ ദസോജു ആണു വിജയിച്ച ബിആർഎസ് അംഗം. 119 അംഗ നിയമസഭയിൽ കോൺഗ്രസിന് 65 പേരുണ്ട്. ബിആർഎസിന് 38 അംഗങ്ങളാണുള്ളത്. എന്നാൽ, ഇവരിൽ പത്തു പേർ കോൺഗ്രസിൽ ചേർന്നു. എഐഎംഐഎം കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.