ധനാഭ്യർഥന ലോക്സഭയിൽ ധനമന്ത്രി അവതരിപ്പിച്ചു
Tuesday, March 11, 2025 2:51 AM IST
ന്യൂഡൽഹി: നടപ്പ് സാന്പത്തികവർഷത്തിലെ 6.27 ലക്ഷം കോടി രൂപയുടെ മൊത്തം ചെലവുകൾക്കുള്ള ധനാഭ്യർഥന ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. ഇതിൽ 51,462.86 കോടി രൂപയുടെ അധികച്ചെലവിനുള്ളതാണ് ഉപധനാഭ്യർഥന. ഇതിൽ 12,000 കോടി രൂപ വളം സബ്സിഡിക്കും 13,449 കോടി രൂപ സർക്കാർ ജീവനക്കാരുടെ പെൻഷനും ഏകീകൃത പെൻഷൻ പദ്ധതിക്കും (യുപിഎസ്) വേണ്ടിയാണ്. ഇതിനുപുറമെ പ്രതിരോധ പെൻഷനായി 8,476 കോടി രൂപയും ടെലികമ്യൂണിക്കേഷൻസ് വകുപ്പിനായി 5,322 കോടി രൂപയ്ക്കുമുള്ള അധിക ചെലവുമുണ്ട്.
സമ്മേളനത്തെ ശ്രദ്ധേയമാക്കുക വഖഫ് ബിൽ
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ഇന്നലെ തുടങ്ങിയ രണ്ടാംഘട്ടം ഏപ്രിൽ നാലിന് അവസാനിക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 13 വരെ നടന്ന ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയാണിത്. ധനകാര്യ നടപടികളും വോട്ടർപട്ടിക, മണ്ഡല പുനർനിർണയം, മണിപ്പുർ പ്രശ്നം, അമേരിക്കയുടെ തീരുവ പ്രശ്നം, വിലക്കയറ്റം തുടങ്ങിയവയ്ക്കുപുറമെ പുറമെ വഖഫ് ഭേദഗതി ബില്ലാണു സമ്മേളനത്തെ ശ്രദ്ധേയമാക്കുക.
ഏപ്രിൽ നാലിന് പാർലമെന്റ് പിരിയുന്നതിനുമുന്പായി വഖഫ് നിയമഭേദഗതി ബിൽ പാസാക്കിയേക്കും. ബില്ലിനെക്കുറിച്ചുള്ള ജെപിസി റിപ്പോർട്ട് നേരത്തേ സ്പീക്കർക്കു സമർപ്പിച്ചിരുന്നു. ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷവും പാസാക്കുമെന്ന് കേന്ദ്രമന്ത്രി കിരണ് റിജിജുവും ആവർത്തിച്ചു.
മണിപ്പുരിൽ ഫെബ്രുവരി 13 മുതൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പാർലമെന്റിന്റെ അനുമതി തേടും. ഇതിനായുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും. മണിപ്പുർ സംസ്ഥാന ബജറ്റിന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയുടെ അംഗീകാരം തേടി. മണിപ്പുരിലെ പുതിയ അക്രമങ്ങൾ അടക്കമുള്ള സ്ഥിതിവിശേഷം സഭാനടപടികൾ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽനിന്നുള്ള കോണ്ഗ്രസ് എംപി മാണിക്കം ടാഗോർ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും സ്പീക്കർ അനുമതി നിഷേധിച്ചു.
രാഹുലും പ്രിയങ്കയും സ്പീക്കറെ കണ്ടു
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സഹോദരിയും എംപിയുമായ പ്രിയങ്ക ഗാന്ധി വദ്രയും ഇന്നലെ സ്പീക്കർ ഓം ബിർളയെ കണ്ടു ചർച്ച നടത്തി. സൗഹൃദ സംഭാഷണമായിരുന്നുവെന്നാണ് ഇരുവരും നൽകിയ സൂചന.
പ്രതിപക്ഷം ഉന്നയിക്കുന്ന ന്യായമായ കാര്യങ്ങളിലെങ്കിലും ചർച്ച അനുവദിക്കണമെന്ന് സ്പീക്കറോട് ഇരുവരും അഭ്യർഥിച്ചതായി റിപ്പോർട്ടുണ്ട്. സ്പീക്കറുമായി രാഹുലും പ്രിയങ്കയും ചർച്ച നടത്തിയതിന്റെ ഫോട്ടോ കോണ്ഗ്രസ് പുറത്തുവിട്ടു.