മണിപ്പുരിൽ വീണ്ടും കലാപം; ഒരാൾ വെടിയേറ്റു മരിച്ചു, 25 പേർക്കു പരിക്ക്
Sunday, March 9, 2025 1:58 AM IST
ഇംഫാൽ: മണിപ്പുരിൽ വീണ്ടും കലാപം. രാഷ്ട്രപതിഭരണത്തിലുള്ള സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി ബസ് സർവീസുകൾ തുടങ്ങിയതിനെതിരേയുള്ള പ്രതിഷേധമാണ് കലാപത്തിനു വഴിവച്ചത്.
കുക്കി മേധാവിത്വമുള്ള കാങ്പോക്പി ജില്ലയിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ വെടിയേറ്റു മരിച്ചു. സ്ത്രീകൾ ഉൾപ്പെടെ 25 ഓളം പ്രതിഷേധക്കാർക്ക് പരിക്കേറ്റു.
കെയ്തൽമാൻബിയിൽ സുരക്ഷാസേനയുമായുള്ള സംഘർഷത്തിലാണ് 30കാരനായ ലാൽഗൗതാംഗ് സിംഗ്സിറ്റ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. വെടിയേറ്റയുടൻ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ലയിലെ ഗാംഗിപൈ, മോട്ബംഗ്, കെയ്തൽമാൻബി മേഖലകളിലും ഏറ്റുമുട്ടലുണ്ടായി.
മെയ്തെയ് വിഭാഗക്കാർക്കു സ്വാധീനമുള്ള ഇംഫാലില്‍നിന്ന് കുക്കി മേഖലയിലേക്കു പുറപ്പെട്ട ബസ് കാങ്പോക്പിയില്‍ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ തടഞ്ഞതാണു സംഭവങ്ങളുടെ തുടക്കം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതോടെ അക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങൾക്കു തീവച്ചു.
ഇംഫാലിൽനിന്നു സേനാപതിയിലേക്കുള്ള ട്രാൻസ്പോർട്ട് ബസും തടഞ്ഞു. ഇംഫാൽ-ദിമാപുർ ദേശീയപാതയിൽ ഗതാഗതവും തടസപ്പെടുത്തി. റോഡിൽ ടയറുകൾ കൂട്ടിയിട്ടു കത്തിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരേ സ്ഫോടകവസ്തുകള്‍ എറിഞ്ഞ് പിന്തിരിയാന് ജനക്കൂട്ടം ആവശ്യപ്പെട്ടു.
സഞ്ചാരസ്വാതന്ത്ര്യം എല്ലാ മേഖലയിലും ഉറപ്പാക്കണമെന്ന കേന്ദ്രനിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസേനയുടെ സുരക്ഷയിലാണ് ബസ് സർവീസുകൾ തുടങ്ങിയത്.
ഇംഫാൽ വെസ്റ്റിൽ മെയ്തെയ് സംഘടനയായ ഫെഡറേഷൻ ഓഫ് സിവിൽ സൊസൈറ്റി (എഫ്ഒസിഎസ്) സംഘടിപ്പിച്ച സമാധാന റാലി പോലീസ് തടഞ്ഞതിനെത്തുടർന്നും സംഘർഷമുണ്ടായി.