പെൺകുട്ടികളെ നിർബന്ധിച്ചു മതം മാറ്റിയാൽ വധശിക്ഷയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
Sunday, March 9, 2025 1:58 AM IST
ഭോപ്പാൽ: പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്നവർക്കു വധശിക്ഷ ഉറപ്പാക്കുന്നതിനു നിയമനിർമാണം കൊണ്ടുവരുമെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്.
പോസ്കോ കേസുകളിലെ പ്രതികൾക്കു പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പമാണ് ഈ തീരുമാനവുമെന്ന് അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
നിഷ്കളങ്കരായ പെൺമക്കളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്കു തൂക്കുകയർ ഉറപ്പാക്കും. അനധികൃത മതപരിവർത്തനത്തെയും ഒരുതരത്തിലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കുള്ള വിവിധ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട ഫണ്ടും അദ്ദേഹം കൈമാറി.