ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിച്ച് എംപിമാർ
Tuesday, March 11, 2025 2:50 AM IST
സനു സിറിയക്
ന്യൂഡൽഹി: ഒരു മാസത്തോളമായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിച്ച് കേരള എംപിമാർ.
ലോക്സഭയിലെ ശൂന്യവേളയിൽ യുഡിഎഫ് എംപിമാരായ ശശി തരൂർ, കെ.സി. വേണുഗോപാൽ, വി.കെ. ശ്രീകണ്ഠൻ, ഷാഫി പറന്പിൽ, എം.കെ. പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് തുടങ്ങിയവരാണ് വിഷയം ഉന്നയിച്ചത്.
സർക്കാർ അടിയന്തര ഇടപെടൽ നടത്തി സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. വിഷയം അവതരിപ്പിക്കാൻ കെ.സി. വേണുഗോപാൽ ആദ്യം നോട്ടീസ് നൽകിയെങ്കിലും ശശി തരൂരിനെയാണ് വിഷയം അവതരിപ്പിക്കാൻ സ്പീക്കർ ആദ്യം ക്ഷണിച്ചത്.
രാജ്യത്തെ ആരോഗ്യസംരക്ഷണ മേഖലയിലെ പ്രശംസിക്കപ്പെടാത്ത ധീരരെന്നായിരുന്നു തരൂർ ആശാ വർക്കർമാരെ വിശേഷിപ്പിച്ചത്. ദിവസത്തിൽ 12 മുതൽ 14 മണിക്കൂർ വരെ ജോലി ചെയ്തിട്ടും അവരെ വോളണ്ടിയർമാരായാണ് കണക്കാക്കുന്നത്.
കേരളത്തിൽ 7,000 രൂപ മാത്രമാണ് ആശമാർക്ക് ശന്പളമായി ലഭിക്കുന്നത്. സ്ത്രീകളായതുകൊണ്ട് മാത്രം അവരുടെ പോരാട്ടം അവഗണിക്കുകയാണോയെന്നും തരൂർ ചോദിച്ചു.
സംസ്ഥാനത്തിനു വേണ്ടത് നൽകിയിട്ടുണ്ടെന്ന് കേന്ദ്രവും ഒന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാനവും പരസ്പരം ആരോപിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ആശമാർ ആരെയാണു വിശ്വസിക്കേണ്ടത്.
സമരം നടത്തുന്ന ആശാ വർക്കർമാരെ സർക്കാർ കുറ്റപ്പെടുത്തുന്നു. മറ്റു സംസ്ഥാനങ്ങൾ ആശാ വർക്കർമാർക്ക് ഉയർന്ന വേതനം നൽകുന്പോൾ കേരളത്തിൽ അതു സംഭവിക്കുന്നില്ല. ആശമാർക്ക് റിട്ടയർമെന്റ് അലവൻസ് നൽകണമെന്നും മിനിമം വേതനം 21,000 രൂപയായി ഉയർത്തണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
ആശമാരുടെ വേതനം വർധിപ്പിക്കുക, അവരുടെ തൊഴിൽ സ്ഥിരമാക്കുക, വിരമിക്കുന്പോൾ അഞ്ചു ലക്ഷം രൂപ പെൻഷൻ ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങളാണ് വി. കെ. ശ്രീകണ്ഠൻ ഉന്നയിച്ചത്.
ആശാവർക്കർക്കു ലഭിക്കുന്ന തുച്ഛമായ വേതനവും ഇൻസെന്റീവും കുടിശികയില്ലാതെ സമയത്തു നൽകാത്തത് പ്രതിഷേധാർഹമാണെന്ന് എം.കെ. പ്രേമചന്ദ്രൻ സഭയിൽ പറഞ്ഞു. കേന്ദ്രം പണം നൽകുന്നില്ല എന്നതാണു സംസ്ഥാന സർക്കാരിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നൽകിയ മറുപടി കേന്ദ്രം നൽകേണ്ട തുക കൃത്യമായി നൽകുന്നുണ്ടെന്നാണ്. എങ്കിലും ആശാ വർക്കർമാരുടെ ഓണറേറിയവും ഇൻസെന്റീവും ഇപ്പോഴും കുടിശികയാണ്. ഇതിൽ വ്യക്തത വരുത്തണം.
എല്ലാ മാസവും ഒന്നിനുതന്നെ ഓണറേറിയവും ഇൻസെന്റീവും നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് സ്വന്തം സുരക്ഷപോലും വകവയ്ക്കാതെ പ്രവർത്തിച്ച ആശാ പ്രവർത്തകരെ സംരക്ഷിക്കണം.
ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ 62ാം വയസിൽ പിരിഞ്ഞുപോകാൻ നിർബന്ധിരാകുന്ന ആശമാരെ സംസ്ഥാനസർക്കാർ അവഗണിക്കുന്പോൾ കേന്ദ്രം ഇടപെടണമെന്നും സഹായം വർധിപ്പിക്കണമെന്നും ഫ്രാൻസിസ് ജോർജ് ലോക്സഭയിൽ ആവശ്യപ്പെട്ടു.
14 മണിക്കൂർ ജോലി ചെയ്യുന്നതിന് വെറും 232 രൂപ മാത്രമാണ് ആശമാർക്കു ലഭിക്കുന്നത്. കുഞ്ഞുങ്ങളുടെയും ഗർഭിണികളുടെയും ആരോഗ്യം മുതൽ ഒട്ടനവധി കാര്യങ്ങളാണ് പരിമിതമായ സമയത്തിനുള്ളിൽ അവർ ചെയ്തു തീർക്കുന്നത്. എന്നിട്ടും അവർ ആവശ്യപ്പെടുന്ന വേതനമോ സഹായമോ സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ല. കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഷാഫി പറന്പിലും ആവശ്യപ്പെട്ടു.
ആശാ വർക്കർമാർക്ക് അവരുടെ തൊഴിലിനനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന് മുൻ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയും രാജ്യസഭാ എംപിയുമായ രേഖ ശർമ രാജ്യസഭയിൽ ചൂണ്ടിക്കാട്ടി.
ആശമാരുടെ സമരം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, ആന്റോ ആന്റണി തുടങ്ങിയവരും ആവശ്യപ്പെട്ടു.