പാക്-ചൈന സൗഹൃദം ഭീഷണി: കരസേനാ മേധാവി
Sunday, March 9, 2025 1:58 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനും ചൈനയും തമ്മിൽ വലിയ തോതിൽ ഒത്തുകളി നടത്തുന്നതാണ് ഇന്ത്യ നേരിടുന്ന വലിയ ഭീഷണിയെന്ന് ഇരുരാജ്യങ്ങളെയും പേരെടുത്തു പറയാതെ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. ഇക്കാരണത്താൽ രണ്ടു ഭാഗത്തുനിന്നും രാജ്യത്തിനു ഭീഷണി ഉണ്ട് എന്നതാണ് യാഥാർഥ്യമെന്നും ഇന്ത്യാ ടുഡെ കോൺക്ലേവിൽ അദ്ദേഹം പറഞ്ഞു.
സൈന്യത്തിന്റെ ഭാവി പദ്ധതികൾ, ബംഗ്ലാദേശിലെ സ്ഥിതിഗതികൾ, നിയന്ത്രണരേഖയിലെ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും കരസേനാ മേധാവി ഉത്തരം നൽകി.
ബംഗ്ലാദേശുമായുള്ള പാക്കിസ്ഥാന്റെ സൗഹൃദവും വെല്ലുവിളിയാണ്. ഭീകരതയുടെ പ്രഭവസ്ഥാനം ഒരു രാജ്യമാണെന്ന് നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ആ രാജ്യം എന്റെ ഏതെങ്കിലും അയൽരാജ്യവുമായി ബന്ധപ്പെട്ടാൽ സ്വാഭാവികമായും ആശങ്കയുണ്ടാകേണ്ടതാണ്.
ബംഗ്ലാദേശിലെ ഭരണമാറ്റം ഇന്ത്യയുമായുള്ള ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന് പറയാറായിട്ടില്ല. ഇരുരാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാണ്.
പരസ്പരമുള്ള സംശയങ്ങൾ പരിഹരിച്ചാണ് മുന്നോട്ടു പോകുന്നത്. ആരുമായും യുദ്ധം ചെയ്യുന്നത് ഒന്നിനും പരിഹാരമാകില്ലെന്നും സേനാ മേധാവി ചൂണ്ടിക്കാട്ടി.