ബിഹാറിൽ തനിഷ്ക് ഷോറൂമിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 25 കോടിയുടെ സ്വർണം കവർന്നു
Tuesday, March 11, 2025 2:51 AM IST
പാറ്റ്ന: ബിഹാറിലെ ബോജ്പുർ ജില്ലയിൽപ്പെട്ട അരാ നഗരത്തിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ തോക്കു ചൂണ്ടി 25 കോടിരൂപയുടെ സ്വർണം രൂപ കവർന്നു. നഗരത്തിലെ തനിഷ്ക് ഷോറൂമിൽ ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം.
കടയിലേക്ക് ഇരച്ചുകയറിയ കൊള്ളക്കാർ തോക്കുകൾ ചൂണ്ടി ജീവനക്കാരെയും ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തി ഒരുവശത്തേക്കു നിർത്തിയശേഷം സ്വർണാഭരണങ്ങൾ അപഹരിക്കുകയായിരുന്നു. ഷോറൂമിനു പുറത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ തോക്കുകൾ പിടിച്ചെടുത്ത് അവരെയും ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.
മുഖം മറച്ചും ഹെൽമറ്റ് ധരിച്ചുമായി ആറ് പേരാണ് കവർച്ചാസംഘത്തിലുണ്ടായിരുന്നത്. സായുധരായ കൊള്ളക്കാർക്കുമുന്നിൽ ഉപഭോക്താക്കളും ജീവനക്കാരും കൈകളുയർത്തി നിൽക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ജ്വല്ലറിയിലെ ഷോകേസ് ബോക്സുകൾ കവർച്ചക്കാർ ബാഗുകളിലാക്കുന്നതു കണ്ട് അവിടേക്ക് എത്തിയ ഒരു ജീവനക്കാരനെ കൊള്ളക്കാരിൽ രണ്ടുപേർ ആക്രമിക്കുന്നതും സിസിടിവിയിൽ കാണാം.
25 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണം മോഷണം പോയതായും, എത്രമാത്രം പണം മോഷണം പോയെന്ന് തിട്ടപ്പെടുത്തിവരുന്നതേയുള്ളൂവെന്നും ഷോറൂം മാനേജർ കുമാർ മൃത്യുഞ്ജയ് പറഞ്ഞു.
കവർച്ചയ്ക്കിടെ പോലീസിനെ പലകുറി ഫോൺ ചെയ്തെങ്കിലും എത്താൻ വൈകിയതായി ഒരു ജീവനക്കാരൻ പറഞ്ഞു. സംഭവത്തിൽ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. പോലീസ് നടത്തിയ തെരച്ചിലിനിടെ കൊള്ളസംഘത്തിൽപ്പെട്ട രണ്ടുപേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.