ജലസംഭരണി വൃത്തിയാക്കുന്നതിനിടെ നാലു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
Monday, March 10, 2025 2:26 AM IST
മുംബൈ: മുംബൈയിലെ നാഗ്പടയിൽ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ നാലു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. ദിംതിംകർ റോഡിനു സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ജലസംഭരണി വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. അഞ്ചുപേരാണ് വാട്ടർ ടാങ്ക് വൃത്തിയാക്കാനായി ഇറങ്ങിയത്.
ടാങ്കിനുള്ളിൽ കടന്നയുടൻ ഇവർ കുഴഞ്ഞുവീണു. ഉടൻതന്നെ സംഭവസ്ഥലത്തുണ്ടായിരുന്നവർ പോലീസിലും അഗ്നിശമനസേനാംഗങ്ങളെയും വിവരമറിയിക്കുകയും തുടർന്ന് ഇവരെ ആശുപ്രത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ, നാലു പേരും മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.