തെലുങ്കാനയിലെ തുരങ്ക ദുരന്തം: രക്ഷാപ്രവർത്തനത്തിന് കേരള പോലീസും
Sunday, March 9, 2025 1:58 AM IST
നാഗർകുർണൂൽ (തെലുങ്കാന): തെലുങ്കാനയിലെ നാഗർകുർണൂലിൽ ശ്രീശൈലം ഇടതുകര കനാൽ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ടണലിൽ മണ്ണിടിച്ചിലിനെത്തുടർന്ന് രണ്ടാഴ്ചയായി കുടുങ്ങിക്കിടക്കുന്ന എട്ടു തൊഴിലാളികളെ കണ്ടെത്താൻ ശ്രമം തുടരുന്നു.
തുരങ്കത്തിൽ രണ്ടിടത്ത് മനുഷ്യസാന്നിധ്യം ഉണ്ടെന്ന് വെള്ളിയാഴ്ച അപകടസ്ഥലത്ത് എത്തിച്ച കഡാവർ നായ്ക്കൾ കണ്ടെത്തിയിരുന്നു. ഇവിടം കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തകർ മണ്ണും ചെളിയും നീക്കംചെയ്യുകയാണ്.
വെള്ളിയാഴ്ച രാവിലെയാണ് കേരള പോലീസിലെ കഡാവർ നായ്ക്കൾ രക്ഷാപ്രവർത്തനത്തിന് അപകടസ്ഥലത്ത് എത്തിയത്. 15 അടി താഴ്ചവരെ മനുഷ്യരുടെ സാന്നിധ്യം കണ്ടെത്താൻ നായ്ക്കൾക്കു പരിശീലനം ലഭിച്ചിട്ടുണ്ട്.
തൊഴിലാളികളെ കണ്ടെത്തുന്നതിനായി നാലുകോടി രൂപ മുടക്കി യന്ത്രമനുഷ്യരെ ഉടൻ എത്തിക്കുമെന്ന് തെലുങ്കാന ജലസേചനമന്ത്രി എൻ. ഉത്തംകുമാർ റെഡ്ഡി പറഞ്ഞു. ഹൈദരാബാദിലെ സ്വകാര്യ കന്പനിയെ ഇതിനായി ചുമതലപ്പെടുത്തിയെന്നും സ്ഥലം സന്ദർശിച്ചശേഷം മന്ത്രി പറഞ്ഞു.