ബജറ്റ് സമ്മേളനം: രണ്ടാംഘട്ടത്തിന് ഇന്നു തുടക്കം
സനു സിറിയക്
Monday, March 10, 2025 2:26 AM IST
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും. അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയിലടക്കം കേന്ദ്രസർക്കാരിന്റെ നിലപാടിൽ പ്രതിഷേധം ഉന്നയിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്.
ത്രിഭാഷാനയത്തിലൂടെ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനെതിരേ തമിഴ്നാട്ടിൽനിന്നുള്ള ഡിഎംകെ അടക്കമുള്ള പാർട്ടികളുടെ പ്രതിഷേധം സഭയിൽ അലയടിച്ചേക്കാം. ഇതിനുപുറമെ വോട്ടർ തിരിച്ചറിയൽ കാർഡിലെ പിഴവുകൾ, മണ്ഡല പുനർനിർണയം, അമേരിക്കയിൽനിന്ന് ഇന്ത്യക്കാരായ കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിച്ച് തിരിച്ചയച്ചതടക്കമുള്ള വിഷയങ്ങളും ചർച്ചയാകും.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ അമേരിക്കൻ സന്ദർശനത്തിൽ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന തീരുവ ഗണ്യമായി കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു.
കേന്ദ്രമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ ഏതൊക്കെ വിഷയങ്ങളിലാണ് ഇന്ത്യ സമ്മതം മൂളിയത് എന്നടക്കമുള്ള വിഷയം പ്രതിപക്ഷം ചോദ്യത്തിന്റെയും പ്രതിഷേധത്തിന്റെയും രൂപത്തിൽ സഭയിൽ ഉന്നയിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഏതെങ്കിലും കരാറിൽ ഏർപ്പെട്ടോയെന്നു പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് കർഷകരുടെ താത്പര്യങ്ങളിൽ സർക്കാർ വിട്ടുവീഴ്ച ചെയ്തോയെന്നു പാർലമെന്റിൽ വിശദമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.
വഖഫ് ബിൽ: പ്രതിഷേധത്തിന് പ്രതിപക്ഷം
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിന്റെ അവസാനദിവസം വഖഫ് ബില്ലുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) സഭയിൽ സമർപ്പിച്ചിരുന്നു. സമിതി നിർദേശിച്ച ഭേദഗതികളോടെ പരിഷ്കരിച്ച വഖഫ് ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്പോൾ പ്രതിപക്ഷം പ്രതിഷേധം ഉയർത്തുമെന്നതിൽ സംശയമില്ല.
ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബില്ല് ഇത്തവണ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ജെപിസി റിപ്പോർട്ട് ഏകപക്ഷീയമാണെന്നും പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളൊന്നും പരിഷ്കരിച്ച ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും തൃണമൂൽ കോണ്‍ഗ്രസും അടക്കമുള്ള പാർട്ടികൾ രംഗത്തുവന്നിരുന്നു.
മണ്ഡല പുനർനിർണയവും ഭാഷാവിവാദവും കത്തിക്കയറും
മണ്ഡല പുനർനിർണയവും ഭാഷാവിവാദവും ഡിഎംകെ കാര്യമായി ഉന്നയിക്കുന്പോൾ വിഷയത്തിൽ കോണ്‍ഗ്രസ് നേരിട്ട് ഇടപെടുമോ എന്നതു കാത്തിരുന്നു കാണണം. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മോദിസർക്കാരിനെതിരേ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
കേന്ദ്രസർക്കാരിന്റെ പുതിയ നയമനുസരിച്ച് കുടുംബാസൂത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിജയിച്ച തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മണ്ഡല പുനർനിർണയത്തിലൂടെ പാർലമെന്റിൽ തഴയപ്പെടാൻ പോകുന്നുവെന്നാണ് സ്റ്റാലിന്റെ വാദം. അദ്ദേഹത്തിന് പിന്തുണയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തുവന്നിരുന്നു. സമാനമായി വിഷയം പാർലമെന്റിൽ ഉന്നയിക്കാനാണ് ഡിഎംകെയുടെ നീക്കം. ഇതിനായി മറ്റു പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും പാർട്ടി തേടുന്നുണ്ട്.
വോട്ടർ ഐഡി: തൃപ്തിയില്ലാതെ തൃണമൂൽ
വോട്ടർ തിരിച്ചറിയൽ കാർഡിലെ പിഴവുകൾ ഉന്നയിച്ച തൃണമൂൽ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാർജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്നു ലഭിച്ച വിശദീകരണം തൃപ്തികരമല്ലെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഗുരുതരവിഷയമാണിതെന്നു ചൂണ്ടിക്കാട്ടി തൃണമൂൽ കോണ്‍ഗ്രസിന്റെ രാജ്യസഭാകക്ഷി നേതാവ് ഡെറിക് ഒബ്രിയാൻ രംഗത്തുവന്നിട്ടുണ്ട്. വിഷയം പാർലമെന്റിൽ ഉന്നയിച്ച് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കാനാണു പാർട്ടിയുടെ തീരുമാനം. വോട്ടർ തിരിച്ചറിയൽ കാർഡിലെ പിഴവുകളിൽ വിശദീകരണം ആവശ്യപ്പെട്ടു പ്രതിപക്ഷപാർട്ടികൾ ഇതിനോടകം നോട്ടീസ് സമർപ്പിച്ചിട്ടുണ്ട്.
മണിപ്പുർ വിഷയം ഇത്തവണയും പാർലമെന്റിനെ പ്രക്ഷുബ്ധമാക്കും. കലാപബാധിത സംസ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിഞ്ഞുനോക്കിയിട്ടില്ലെന്ന ആരോപണമായിരിക്കും കോണ്‍ഗ്രസടക്കം ഉന്നയിക്കുക.