ധർമേന്ദ്ര പ്രധാനെതിരേ കനിമൊഴി അവകാശലംഘന നോട്ടീസ് നൽകി
Tuesday, March 11, 2025 2:51 AM IST
ന്യൂഡൽഹി: തമിഴ്നാട് മന്ത്രിയെയും എംപിമാരെയും ജനങ്ങളെയും നുണയന്മാരും അപരിഷ്കൃതരുമെന്നു വിളിച്ച് അധിക്ഷേപിച്ചുവെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെതിരേ അവകാശലംഘനത്തിന് ഡിഎംകെ നേതാവ് കനിമൊഴി നോട്ടീസ് നൽകി. ലോക്സഭയിൽ ഇന്നലെ ചോദ്യോത്തരവേളയിൽ നടത്തിയ വിവാദ പരാമർശം മന്ത്രി പ്രധാൻ പിന്നീട് പിൻവലിച്ചെങ്കിലും ക്ഷമാപണം നടത്തിയിരുന്നില്ല.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായുള്ള ത്രിഭാഷാ പദ്ധതി തമിഴ്നാട്ടിൽ നടപ്പാക്കിയില്ലെങ്കിൽ സ്കൂൾവിദ്യാഭ്യാസത്തിനുള്ള ഫണ്ടുകൾ നൽകില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേയും ലോക്സഭയിലെ വിവാദ പരാമർശങ്ങൾക്കെതിരേയും ഡിഎംകെ എംപിമാർ ഇന്നലെ ലോക്സഭയിലും രാജ്യസഭയിലും പാർലമെന്റിനു പുറത്തും പ്രതിഷേധിച്ചു.ഇരുസഭകളിലും ഡിഎംകെ എംപിമാർ ഇറങ്ങിപ്പോക്കും നടത്തി.
ലോക്സഭയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി നൽകിയ വിശദീകരണത്തിനിടെ നടത്തിയ അപരിഷ്കൃതം, ജനാധിപത്യവിരുദ്ധം, നുണ, തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ പരാമർശങ്ങളും അടിസ്ഥാനരഹിതമായ പ്രസ്താവനകളും തന്റെയും സഹപ്രവർത്തകരായ എംപിമാരുടെയും അവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ ഓം ബിർളയ്ക്ക് കനിമൊഴി പരാതി നൽകിയത്. തന്റെ അഭിമാനത്തിനു നേരേയുള്ള ആക്രമണമാണെന്നും ലിംഗ, രാഷ്ട്രീയ നീതിയുടെ ലംഘനമാണു മന്ത്രി നടത്തിയതെന്നും നോട്ടീസിൽ കനിമൊഴി പറഞ്ഞു.
""അവർ സത്യസന്ധരല്ല. തമിഴ്നാട്ടിലെ വിദ്യാർഥികളോട് അവർക്കു പ്രതിബദ്ധതയില്ല. തമിഴ്നാട് വിദ്യാർഥികളുടെ ഭാവി അവർ നശിപ്പിക്കുകയാണ്. ഭാഷാതടസങ്ങൾ സൃഷ്ടിക്കുക എന്നതാണ് അവരുടെ ഒരേയൊരു ജോലി.
അവർ രാഷ്ട്രീയം കളിക്കുന്നു. അവർ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. അവർ ജനാധിപത്യവിരുദ്ധരും അപരിഷ്കൃതരുമാണ്’’എന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ ലോക്സഭയിലെ വിവാദ പ്രസ്താവന.
ഇതിനെതിരേയുള്ള ഡിഎംകെ എംപിമാരുടെ പ്രതിഷേധത്തെത്തുടർന്ന് ലോക്സഭ സ്തംഭിച്ചു. പിന്നീട് 12ന് വീണ്ടും ചേർന്നപ്പോൾ, തന്റെ വാക്കിലെ "അപരിഷ്കൃതം' എന്ന വാക്ക് പിൻവലിക്കുകയാണെന്ന് പ്രധാൻ പറഞ്ഞു. പരാമർശം രേഖകളിൽനിന്നു നീക്കിയതായി സ്പീക്കർ ഓം ബിർള അറിയിക്കുകയും ചെയ്തു.
എന്നാൽ, ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായുള്ള ത്രിഭാഷ നടപ്പാക്കുന്ന കാര്യത്തിൽ ഡിഎംകെ കള്ളം പറയുകയാണെന്നും തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയും കനിമൊഴി അടക്കമുള്ള എംപിമാരും താനുമായി നടത്തിയ ചർച്ചയിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കുമെന്ന് ആദ്യം സമ്മതിച്ചിരുന്നതാണെന്ന് മന്ത്രി അവകാശപ്പെട്ടു. പിന്നീടാണു നിലപാട് മാറ്റിയതെന്നും പ്രധാൻ പറഞ്ഞു. എന്നാൽ, ഡിഎംകെ നിലപാട് മാറ്റിയിട്ടില്ലെന്നും തങ്ങൾ ഒരു ഭാഷയ്ക്കും എതിരല്ലെന്നും കനിമൊഴി വ്യക്തമാക്കി. തങ്ങളുടെ അഭിമാനത്തെ മന്ത്രി വ്രണപ്പെടുത്തിയെന്നും കനിമൊഴി ചൂണ്ടിക്കാട്ടി.