ബിജെപി എംഎൽഎ തപസി മണ്ഡൽ തൃണമൂലിൽ
Tuesday, March 11, 2025 2:51 AM IST
കോൽക്കത്ത: ബംഗാളിലെ ബിജെപി എംഎൽഎ തപസി മണ്ഡൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ ഉറ്റ അനുയായി ആയ തപസി പാർട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായി.
അധികാരിയുടെ തട്ടകമായ പൂർബ മേദിനിപുരിലെ ഹാൽദിയ മണ്ഡലത്തെയാണ് തപസി മണ്ഡൽ പ്രതിനിധീകരിക്കുന്നത്. സംസ്ഥാന ഊർജമന്ത്രി അരൂപ് ബിശ്വാസിന്റെ സാന്നിധ്യത്തിലാണ് തപസി തൃണമൂൽ അംഗത്വമെടുത്തത്.
2016ൽ സിപിഎം സ്ഥാനാർഥിയായി ഹാൽദിയയിൽ മത്സരിച്ചു വിജയിച്ച തപസി മണ്ഡൽ 2020 ഡിസംബറിൽ സുവേന്ദു അധികാരിക്കൊപ്പം ബിജെപിയിൽ ചേരുകയായിരുന്നു. 2021ൽ തപസ ബിജെപി ടിക്കറ്റിൽ വിജയിച്ചു. 2021 നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം 12 ബിജെപി എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 77 സീറ്റിലായിരുന്നു ബിജെപി വിജയിച്ചത്.