ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി സുപ്രീംകോടതി ജഡ്ജി
Tuesday, March 11, 2025 2:51 AM IST
ന്യൂഡൽഹി: കോൽക്കത്ത ഹൈക്കോടതി ജഡ്ജി ജോയ്മല്യ ബാഗ്ചിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു.
ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന്റെ ശിപാർശയ്ക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതോടെ നിയമനം പ്രാബല്യത്തിൽ വന്നു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് പുതിയ ജഡ്ജിയുടെ നിയമനം രാഷ്ട്രപതി ശരിവച്ചതായി സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചത്.
2013 ജൂലൈ 18ന് ജസ്റ്റീസ് അൽത്തമാസ് കബീർ ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്ന് വിരമിച്ചതിനുശേഷം കോൽക്കത്ത ഹൈക്കോടതിയിൽനിന്ന് ചീഫ് ജസ്റ്റീസ് ഉണ്ടായിട്ടില്ല എന്ന വസ്തുത പരിഗണിച്ചാണ് ബാഗ്ചിയെ കൊളീജിയം ശിപാർശ ചെയ്തത്.
പുതിയ ജഡ്ജിയുടെ നിയമനത്തോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 33 ആയി ഉയർന്നു. ഇതോടെ ആകെ 34 ജഡ്ജിമാരുള്ള സുപ്രീംകോടതിയിൽ ഒരു ഒഴിവുകൂടിയേ നികത്താനുള്ളൂ. ആറു വർഷമായിരിക്കും ബാഗ്ചിയുടെ സുപ്രീംകോടതിയിലെ സേവനകാലാവധി. 2031 മേയ് 26 മുതൽ വിരമിക്കുന്ന ഒക്ടോബർ രണ്ടുവരെ സുപ്രീംകോടതി ചീഫ് ജസ്റ്റീസായും അദ്ദേഹം സേവനമനുഷ്ഠിക്കും.