ജാമിഅ മില്ലിയ പ്രവേശനപരീക്ഷ: കോഴിക്കോട്ട് പരീക്ഷാകേന്ദ്രം അനുവദിച്ചു
Sunday, March 9, 2025 1:58 AM IST
ഡൽഹി: ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലേക്കുള്ള പ്രവേശനപരീക്ഷകൾക്കു കോഴിക്കോട്ട് പരീക്ഷാകേന്ദ്രം അനുവദിച്ചു. രാജ്യത്തെ പ്രമുഖ സർവകലാശാലയുടെ ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാകേന്ദ്രമായിരുന്ന തിരുവനന്തപുരം ഒഴിവാക്കിയതു വിവാദമായതോടെയാണ് കോഴിക്കോട്ട് പരീക്ഷാകേന്ദ്രം അനുവദിച്ചത്.
കഴിഞ്ഞവർഷം ഡൽഹി, ലക്നോ, ഗോഹട്ടി, പാറ്റ്ന, കോൽക്കത്ത, ശ്രീനഗർ, തിരുവനന്തപുരം എന്നിവയായിരുന്നു പ്രവേശന പരീക്ഷാകേന്ദ്രങ്ങൾ. എന്നാൽ, ഈ വർഷം തിരുവനന്തപുരത്തെ ഒഴിവാക്കി ഭോപ്പാലിലും മാലേഗാവിലുമാണ് സർവകലാശാലാ അധികൃതർ പുതിയ കേന്ദ്രങ്ങൾ അനുവദിച്ചത്. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിരവധി വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
550തിലധികം വിദ്യാർഥികൾ പരീക്ഷയെഴുതുന്ന ദക്ഷിണേന്ത്യയിലെ ഏക കേന്ദ്രം ഒഴിവാക്കിയത് ദക്ഷിണേന്ത്യൻ വിദ്യാർഥികളെ ആവശ്യമില്ലെന്ന് ജാമിഅ മില്ലിയ തീരുമാനമെടുത്തതുകൊണ്ടാണോയെന്നാണ് തിരുവനന്തപുരം എംപിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ ശശി തരൂർ വിഷയത്തിൽ പ്രതികരിച്ചത്.