മൂന്നാമത്തെ കുട്ടിയാണോ ..അമ്മയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ടിഡിപി എംപി
Monday, March 10, 2025 2:26 AM IST
വിശാഖപട്ടണം: ജനസംഖ്യാശോഷണ ഭീഷണി നിലനിൽക്കെ മൂന്നാമത്തെ കുട്ടിയെ പ്രസവിക്കുന്ന സ്ത്രീകൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് ആന്ധ്രയിലെ തെലുങ്കുദേശം പാർട്ടി എംപി രംഗത്ത്. മുതിർന്ന നേതാവും വിഷിനഗരം എംപിയുമായ കാലിസെട്ടി അപ്പലനായിഡുവാണ് മൂന്നാമത്തേത് ആൺകുട്ടിയാണെങ്കിൽ പശുവിനെയും പെൺകുട്ടിയാണെങ്കിൽ 50,000 രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
വനിതാദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കവേയാണ് മൂന്നാമത്തെ കുട്ടിയെ പ്രസവിക്കുന്ന സ്ത്രീകൾക്ക് എംപി പാരിതോഷികം പ്രഖ്യാപിച്ചത്. തന്റെ ശന്പളത്തിൽനിന്ന് ഈ തുക കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനസംഖ്യ കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ചും അതു വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയും മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉൾപ്പെടെയുള്ള മുതിർന്ന ടിഡിപി നേതാക്കൾ പ്രസ്താവനകൾ ആവർത്തിക്കുന്നതിനിടെ അപ്പലനായിഡുവിന്റെ പ്രഖ്യാപനം സംസ്ഥാനത്തു വൈറലായിരിക്കുകയാണ്.