ഓഫ്ഷോർ ഖനനം കേരളത്തിന്റെ നിയന്ത്രണമേഖലയ്ക്കു പുറത്തെന്ന് കേന്ദ്രം
Tuesday, March 11, 2025 2:51 AM IST
ന്യൂഡൽഹി: സമുദ്ര പര്യവേക്ഷണത്തിനുള്ള ലൈസൻസ് അനുവദിക്കുന്നതിനായി വിജ്ഞാപനം ചെയ്ത മൂന്ന് ഓഫ് ഷോർ ബ്ലോക്കുകൾ കേരളത്തിന്റെ ജലാതിർത്തിക്ക് അപ്പുറമുള്ളതാണെന്ന് കേന്ദ്രസർക്കാർ.
ലേലത്തിന്റെ ആദ്യഘട്ടം കഴിഞ്ഞ വർഷം നവംബർ 28ന് കേന്ദ്രസർക്കാർ ആരംഭിച്ചതായും കേന്ദ്ര കൽക്കരി- ഖനന വകുപ്പ് മന്ത്രി കിഷൻ റെഡ്ഢി വ്യക്തമാക്കി. രാജ്യസഭാ എംപി ഹാരീസ് ബീരാൻ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.
സ്വകാര്യ കന്പനികൾക്ക് ഖനനാനുമതി നൽകിയെങ്കിൽക്കൂടി 2013 ലെ കന്പനി നിയമത്തിലെ യോഗ്യതാ വ്യവസ്ഥകൾ പാലിക്കുന്ന കന്പനികൾക്കു മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി ആഘാത പഠനത്തിനുശേഷം മാത്രമേ കേരളത്തിൽ കടൽ ഖനനം നടത്തൂ.
പരിസ്ഥിതി, വനം, കാലാവസ്ഥ തുടങ്ങിയ മന്ത്രാലയങ്ങളുടെ പഠനവും അനുമതിയും ലഭിച്ച ശേഷമേ ഖനനത്തിനുള്ള അനുമതി നൽകുകയുള്ളൂ.
ഖനനാനുമതി ലഭിക്കുന്ന ഏത് ഇന്ത്യൻ കന്പനികൾക്കും ഈ ലേലത്തിൽ പങ്കെടുക്കാമെങ്കിലും വിവിധ മന്ത്രാലയങ്ങളുടെ അടക്കം അനുമതികൾ കന്പനി സ്വയം തേടണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.