കേന്ദ്രമന്ത്രി പ്രധാൻ രാജാവെന്ന് സ്വയം കരുതേണ്ട: സ്റ്റാലിൻ
Tuesday, March 11, 2025 2:51 AM IST
ചെന്നൈ: ഡിഎംകെ സർക്കാരിനെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് മറുപടി നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ധിക്കാരത്തോടെ സ്വയം രാജാവായി സങ്കല്പിച്ച് സംസാരിക്കാതെ കേന്ദ്രമന്ത്രി നാവിനെ നിയന്ത്രിക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാട്ടിലെ ജനങ്ങളിൽനിന്നു പിരിച്ചെടുത്ത ഫണ്ട് തമിഴ് വിദ്യാർഥികൾക്ക് അവകാശപ്പെട്ടതാണ്. അത് തങ്ങൾക്കു നൽകണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
തമിഴ് ജനതയെ അപമാനിക്കുന്നത് പ്രധാനമന്ത്രി മോദി അംഗീകരിക്കുന്നുണ്ടോയെന്ന് ചോദിച്ച സ്റ്റാലിൻ, പാർലമെന്റിൽ ഡിഎംകെ നേതാക്കളെ സൂചിപ്പിക്കാൻ ധർമേന്ദ്ര പ്രധാൻ ഉപയോഗിച്ച വാക്കിനെയും വിമർശിച്ചു.
ഡിഎംകെ എംപിമാരുടെ പ്രതിഷേധത്തെത്തുടർന്ന് മോശം പദപ്രയോഗം സ്പീക്കർ ഓം ബിർള സഭാരേഖകളിൽ നിന്ന് നീക്കിയിരുന്നു.