പ്രക്ഷുബ്ധമായി പാർലമെന്റ്
Tuesday, March 11, 2025 2:51 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേട്, മണ്ഡല പുനർനിർണയം, ദേശീയ വിദ്യാഭ്യാസനയം, മണിപ്പുർ അക്രമം, ഡോണൾഡ് ട്രംപിന്റെ തീരുവയുദ്ധം തുടങ്ങിയവയുടെ പേരിൽ പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യദിനം പ്രക്ഷുബ്ധമായി.
പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭയും രാജ്യസഭയും ഇന്നലെ രണ്ടു തവണ സ്തംഭിച്ചെങ്കിലും പിന്നീട് കാര്യമായ തടസങ്ങളില്ലാതെ പ്രവർത്തിച്ചു. ചർച്ച അനുവദിക്കാത്തതിനെത്തുടർന്ന് ഇരുസഭകളിലും പ്രതിപക്ഷ എംപിമാർ വാക്കൗട്ട് നടത്തുകയും ചെയ്തു.
തമിഴ്നാട്ടിൽ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷാ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രഫണ്ട് നിഷേധിക്കുന്നതിനെച്ചൊല്ലിയുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ അവഹേളനത്തിൽ പ്രതിഷേധിച്ച് ഡിഎംകെ എംപിമാർ ഉയർത്തിയ പ്രതിഷേധത്തിൽ ലോക്സഭാ നടപടികൾ രാവിലെ നിർത്തിവച്ചു.
പിന്നീട് ചേർന്നപ്പോൾ തമിഴ്നാട്ടുകാരെ അപരിഷ്കൃതരെന്നു (അണ്സിവിലൈസ്ഡ്) വിശേഷിപ്പിച്ച വിവാദ പരാമർശം പിൻവലിക്കുന്നതായി മന്ത്രി പ്രധാൻ അറിയിച്ചു. മന്ത്രിയുടെ പരാമർശം സഭാ രേഖകളിൽനിന്നു നീക്കിയതായി സ്പീക്കർ ഓം ബിർള അറിയിച്ചെങ്കിലും തൃപ്തരാകാതെ ഡിഎംകെ എംപിമാർ വാക്കൗട്ട് നടത്തി. രാജ്യസഭയിലെ പ്രതിഷേധവും പ്രതിപക്ഷ വാക്കൗട്ടിലാണു കലാശിച്ചത്.
വോട്ടർപട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച് ചർച്ച വേണമെന്നു ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടു. ഇരുസഭകളിലും തൃണമൂൽ കോണ്ഗ്രസ് എംപിമാർ ഇക്കാര്യത്തിൽ ഉയർത്തിയ പ്രശ്നങ്ങൾക്ക് കോണ്ഗ്രസും ഇതര പ്രതിപക്ഷവും പിന്തുണ നൽകി.
വോട്ടർപട്ടികയിൽ രാജ്യമെന്പാടും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ചു ചർച്ച നടത്തണമെന്നു പ്രതിപക്ഷമൊന്നാകെ ആവശ്യപ്പെടുന്നതായി രാഹുൽ പറഞ്ഞു.
മഹാരാഷ്ട്രയിൽ ആറു മാസത്തിനുള്ളിൽ ലക്ഷക്കണക്കിന് വോട്ടർമാർ കൂടിയത് അടക്കം തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകർക്കുന്ന വൻ ക്രമക്കേടുകളെക്കുറിച്ച് പാർലമെന്റിൽ സമഗ്രമായ ചർച്ച വേണമെന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഖാർഗെയും ചൂണ്ടിക്കാട്ടി.
ഒരേ നന്പറിൽ പല സംസ്ഥാനങ്ങളിലും വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഉണ്ടെന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻതന്നെ ശരിവച്ചിട്ടുണ്ടെന്ന് കോണ്ഗ്രസ്, തൃണമൂൽ എംപിമാർ ചൂണ്ടിക്കാട്ടി.
ഒരേ വോട്ടർ തിരിച്ചറിയൽ നന്പറുള്ള മൂന്നു വോട്ടർമാരെ വരെ കണ്ടെത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷന്റെ പങ്ക്, പ്രവർത്തനം എന്നിവയെക്കുറിച്ച് ചർച്ച ആവശ്യപ്പെട്ടു നോട്ടീസ് നൽകുമെന്നും തൃണമൂൽ എംപിമാരായ സൗഗത റോയി, കല്യാണ് ബാനർജി, ഡെറിക് ഒബ്രിയൻ, സാഗരിക ഘോഷ് എന്നിവർ പറഞ്ഞു. എന്നാൽ വോട്ടർപട്ടിക തയാറാക്കുന്നത് സർക്കാരല്ലെന്ന ന്യായമാണ് ലോക്സഭയിൽ സ്പീക്കർ ഉയർത്തിയത്.
അടുത്ത സെൻസസിനു ശേഷമുള്ള നിർദിഷ്ട മണ്ഡല പുനർനിർണയത്തെയും ഭാഷയുടെ പേരിലുള്ള വിവേചനത്തെയും ശക്തമായി എതിർക്കുമെന്ന് ഡിഎംകെ നേതാക്കളായ കനിമൊഴി, എ. രാജ എന്നിവർ അറിയിച്ചു.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മാത്രം ലോക്സഭാ സീറ്റുകൾ നിശ്ചയിച്ചാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കു മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടാകുമെന്നും ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ പ്രസക്തി പോലും ഇല്ലാതാകുമെന്നും കോണ്ഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് ഡീലിമിറ്റേഷനെന്ന് ഡിഎംകെ നേതാവ് തന്പിദുരൈ പറഞ്ഞു.