തെലുങ്കാന തുരങ്കദുരന്തം: ഏഴു പേർക്കായി തെരച്ചിൽ
Tuesday, March 11, 2025 2:51 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ തുരങ്കനിർമാണത്തിനിടെ മണ്ണിടിഞ്ഞു കുടുങ്ങിയ ഖനിത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.
ബാക്കിയുള്ള ഏഴു പേർക്കായി എൻഡിആർഎഫും സർക്കാർ ഉടമസ്ഥതയിലുള്ള ഖനി സിംഗരേണി കൊളിയറീസിന്റെ തൊഴിലാളികളുമാണു തെരച്ചിൽ നടത്തുന്നത്. 11 സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ ദൗത്യം. കേരള പോലീസിന്റെ കഡാവർ നായ്ക്കളും റഡാർ സംവിധാനവും ഉപയോഗിച്ചാണ് തെരച്ചിൽ.
കഡാവർ നായ്ക്കളെയാണ് തെരച്ചിലിന് കൂടുതലായും ആശ്രയിക്കുന്നത്. ഹൈദരാബാദിലെ നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (എൻജിആർഐ) ശാസ്ത്രജ്ഞർ നടത്തുന്ന ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ (ജിപിആർ) പരിശോധനയിൽ സംശയം തോന്നുന്ന സ്ഥലങ്ങളിലും തെരച്ചിൽ നടത്തുന്നുണ്ട്.
രണ്ടുതവണ നായ്ക്കളെ തുരങ്കത്തിനുള്ളിൽ പരിശോധനയ്ക്കു നിയോഗിച്ചു. ഇന്ന് വീണ്ടും നായ്ക്കളെ തുരങ്കത്തിൽ ഇറക്കും. കാമറയുൾപ്പെടെയുള്ള നിരീക്ഷണ സാമഗ്രികളുള്ള റോബോട്ടിനെ ഇന്ന് തുരങ്കത്തിൽ ഇറക്കും.
ബുധനാഴ്ച മറ്റൊരു റോബോട്ടിനെ കൂടി തുരങ്കത്തിൽ ഇറക്കിയേക്കും. ഞായറാഴ്ചയാണ് ഗുർപ്രീത് സിംഗ് എന്ന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം ഗുർപ്രീതിന്റെ സ്വദേശമായ പഞ്ചാബിലേക്ക് അയച്ചു.
അതേസമയം, ഗുർപ്രീതിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷം രൂപയുടെ ധനസഹായം കൈമാറി. തുരങ്ക നിർമാണ കമ്പനി നൽകുന്ന ഇൻഷുറൻസ് തുകയ്ക്ക് (ശമ്പളത്തിന്റെ 50 മടങ്ങ്) പുറമേയാണിത്.
കമ്പനിയിലെ ടണൽ ബോറിംഗ് മെഷീൻ (ടിബിഎം) ഓപ്പറേറ്ററായിരുന്നു ഗുർപ്രീത് സിംഗ്. എൻജിനിയർമാരും തൊഴിലാളികളും ഉൾപ്പെട്ട എട്ടംഗ സംഘം ഫെബ്രുവരി 22നാണു തുരങ്കത്തിൽ കുടുങ്ങിയത്.