വിദ്യാർഥികളെ പിഴിയാൻ ഡൽഹി സർവകലാശാല
Tuesday, March 11, 2025 2:51 AM IST
ന്യൂഡൽഹി: അടുത്ത അധ്യയനവർഷത്തിൽ വിദ്യാർഥി ഫീസിൽനിന്നു മാത്രം 246 കോടി രൂപ വരുമാനം ലക്ഷ്യമിട്ട് ഡൽഹി സർവകലാശാല.
പുതിയ അധ്യയനവർഷത്തിൽ വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന ഫീസ് അധികമായിരിക്കുമെന്നാണ് ഡൽഹി സർവകലാശാലയുടെ ഔദ്യോഗിക കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്.
സർവകലാശാല സേവനങ്ങൾക്കുള്ള ചെലവുകൾ വർധിച്ചുവരുന്നതിനിടെയാണ് ഇതു മറികടക്കാൻ ഡൽഹി സർവകലാശാല വിദ്യാർഥി ഫീസുകൾ കുത്തനേ വർധിപ്പിക്കുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സർവകലാശാലയിലെ വിദ്യാർഥി ഫീസിൽനിന്നുള്ള വരുമാനം ഇരട്ടിയായെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. 2019-20 അധ്യയനവർഷത്തിൽ വിദ്യാർഥി ഫീസിൽനിന്നുള്ള വരുമാനം 100 കോടിക്കടുത്തായിരുന്നെങ്കിൽ 2023-24 വർഷത്തിൽ അത് 200 കോടി രൂപ കടന്നു. കഴിഞ്ഞ അധ്യയനവർഷം വിദ്യാർഥികളിൽനിന്ന് 237.3 കോടി രൂപയാണ് ഫീസിനത്തിൽ സർവകലാശാല ഈടാക്കിയത്.
സർവകലാശാല വിദ്യാർഥി ക്ഷേമഫണ്ട്, സർവകലാശാല നൽകുന്ന സേവനങ്ങൾക്കുള്ള ചാർജ്, പരീക്ഷാ അനുബന്ധ ഫീസ്, ട്യൂഷൻ-അക്കാദമിക് ഫീസ് എന്നിവയിൽ വൻ വർധനവാണ് കഴിഞ്ഞ വർഷങ്ങളിലുണ്ടായിരിക്കുന്നതെന്ന് കണക്കുകളിൽനിന്നു വ്യക്തമാണ്.
സർവകലാശാല വിദ്യാർഥിക്ഷേമ ഫണ്ടിന് കഴിഞ്ഞ അധ്യയനവർഷത്തിൽ മൂന്നു കോടിയാണ് വകയിരുത്തിയിരുന്നതെങ്കിലും വിദ്യാർഥികളിൽനിന്ന് 12 കോടി രൂപയാണ് ഈടാക്കിയത്. സർവകലാശാല സേവനങ്ങൾക്കു കണക്കാക്കിയത് 16 കോടി രൂപയാണെങ്കിലും വിദ്യാർഥികളിൽനിന്ന് 70 കോടി രൂപ ഈടാക്കി.
കഴിഞ്ഞവർഷം വിദ്യാർഥികളിൽനിന്ന് പരീക്ഷാ അനുബന്ധ ഫീസായി 130 കോടിയും ട്യൂഷൻ-അക്കാദമിക് ഫീസായി 6.1 കോടി രൂപയും വിദ്യാർഥികളിൽനിന്ന് സർവകലാശാലയ്ക്കു ലഭിച്ചു. ഇവ കൂടാതെ കായിക ഫീസ് തുടങ്ങിയ മറ്റു ഫീസിനങ്ങളിൽനിന്നായി 19 കോടിയിലധികം രൂപയും സർവകലാശാല വിദ്യാർഥികളിൽനിന്ന് ഈടാക്കിയിട്ടുണ്ട്.
വിദ്യാർഥികളിൽനിന്ന് അമിത ഫീസ് ഈടാക്കുന്നതിനെതിരേ പ്രതിഷേധവുമായി അധ്യാപകരും വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്. ഉയർന്ന ഫീസ് മൂലം വിദ്യാഭ്യാസമെന്നത് അവകാശത്തേക്കാളുപരി ആഡംബരമായി മാറിയെന്നും ഇതു ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രതിഫലനമാണെന്നും അധ്യാപകർ പ്രതികരിച്ചു.
യുജിസി ഫണ്ടുകൾ കുറയുന്പോൾ ഫീസുകൾ വർധിപ്പിച്ച് സ്വയം വരുമാനം വർധിപ്പിക്കാനാണ് സർവകലാശാലയുടെ ശ്രമമെന്ന് ഡൽഹി സർവകലാശാല പ്രഫസർ മായ ജോണ് പറഞ്ഞു.