നെഞ്ചുവേദന; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ
സ്വന്തം ലേഖകൻ
Monday, March 10, 2025 2:26 AM IST
ന്യൂഡൽഹി: നെഞ്ചുവേദനയെത്തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ ഡൽഹി എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
എയിംസിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. രാജീവ് നാരംഗിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പരിശോധിക്കുന്നത്. ഉപരാഷ്ട്രപതിയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പുലർച്ചെ എയിംസിൽ എത്തിയിരുന്നു.
പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശുപത്രിയിലെത്തി ആരോഗ്യവിവരങ്ങൾ തിരക്കി. ധൻകറിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടേയെന്നും സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.