ഹോളി ദിനത്തിൽ പുറത്തിറങ്ങരുതെന്ന് മുസ്ലിംകളോട് ബിജെപി എംഎൽഎ
Tuesday, March 11, 2025 2:51 AM IST
പാട്ന: ഹോളി ആഘോഷം നടക്കുന്പോൾ അതിക്രമം നടത്താമെന്ന ഉദ്ദേശ്യത്തോടെ മുസ്ലിംകൾ വീടുകൾക്കു വെളിയിലിറങ്ങരുതെന്ന് ബിജെപി എംഎൽഎയുടെ താക്കീത്.
മധുബനി ജില്ലയിലെ ബിസ്ഫി നിയമസഭാംഗം ഹരിഭൂഷൺ ഠാക്കൂർ ബച്ചൗൾ ആണ് ഇന്നലെ നിയമസഭാ വളപ്പിൽവച്ച് വിവാദ പ്രസ്താവന നടത്തിയത്.
ഈ വർഷം 52 ജുമാ(വെള്ളിയാഴ്ച)കൾ ആണുള്ളത്. ഇതിൽ ഒരു ദിവസം ഹോളി ആഘോഷം വരുന്നുണ്ട്. അന്ന് ഹിന്ദുക്കളെ അവരുടെ ആഘോഷത്തിൽ പങ്കെടുക്കാൻ അനുവദിക്കണം. നിറക്കൂട്ടുകൾ വാരിയൊഴിച്ചും മറ്റും ആരും അതിക്രമം കാട്ടാൻ വരരുത്.
അങ്ങനെ വിചാരിക്കുന്നവർ വീടിനുള്ളിലിരിക്കുന്നതാണു നല്ലത് എന്നായിരുന്നു ബച്ചൗളിന്റെ പ്രസ്താവന. മുസ്ലിംകൾ ഇരട്ടത്താപ്പുള്ളവരാണ്. റംസാൻ വ്രതത്തിനിടയിലും അവർ ഹോളി ആഘോഷത്തിനായി കളർപ്പൊടികളും മറ്റും വിൽക്കും. എന്നാൽ, കളർപ്പൊടിയോ വെള്ളമോ ദേഹത്തു പറ്റിയാൽ അവർ അക്രമികളാകും എന്നും ബച്ചൗൾ കൂട്ടിച്ചേർത്തു.