യുപിയിൽ കുട്ടികളെ കടത്തുന്ന അന്തര്‍സംസ്ഥാന സംഘം പിടിയില്‍
Monday, March 10, 2025 2:26 AM IST
ബല്ലിയ (യുപി): ഉത്തര്‍പ്രദേശില്‍ കുട്ടികളെ കടത്തുന്ന അന്തര്‍സംസ്ഥാന സംഘം പിടിയില്‍. അശോക് കുമാര്‍ കുമാവത് (25), കിഷന് ഭാട്ടി, മോഹന്‍ യാദവ് (24) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയുമാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ വിവാഹത്തിനും മറ്റ് സംസ്ഥാനങ്ങളിലേ വീട്ടുജോലിക്കുമായി വില്‍ക്കുകയായിരുന്നു സംഘം.
മണിയാര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് ഒരു മാസത്തിനുള്ളില്‍ സ്കൂളിലും കോളജിലും പഠിച്ചിരുന്ന രണ്ട് കൗമാരക്കാരായ പെണ്‍കുട്ടികളെ കാണാതായിരുന്നു. ഈ കേസില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. കാണാതായ രണ്ട് പെണ്‍കുട്ടികളെയും സംഘത്തില്‍നിന്ന് രക്ഷപ്പെടുത്തിയതായി പോലീസ് സൂപ്രണ്ട് ഓംവീര്‍ സിംഗ് പറഞ്ഞു.
ഇവരുടെ കൈവശം ഉണ്ടായിരുന്ന 35,000 രൂപയും പോലീസ് കണ്ടെടുത്തു. റാക്കറ്റിന്റെ വ്യാപ്തി കണ്ടെത്തുന്നതിന് കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്പി സിംഗ് പറഞ്ഞു.