മണിപ്പുരിലെ കുക്കി മേഖലകളിൽ ജനജീവിതം സ്തംഭിച്ചു
Monday, March 10, 2025 2:26 AM IST
ഇംഫാൽ/ചുരാചന്ദ്പുർ: കേന്ദ്രനിർദേശത്തെത്തുടർന്ന് പൊതുഗതാഗത സംവിധാനം പുനഃസ്ഥാപിച്ചതിനെതിരേ മണിപ്പുരിലെ കുക്കി മേധാവിത്വ മേഖലകളിൽ പ്രതിഷേധം രൂക്ഷമാകുന്നു. പ്രക്ഷോഭകരെ ശക്തമായി നേരിട്ട സുരക്ഷാസേനയ്ക്കെതിരേയും കുക്കികൾ രംഗത്തെത്തിയിട്ടുണ്ട്. അനിശ്ചിതകാല സമരം ഉൾപ്പെടെ പ്രഖ്യാപിച്ചതോടെ കുക്കി മേധാവിത്വ പ്രദേശങ്ങളിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ട കാങ്പോക്പി ജില്ലയിൽ ഏതുനിമിഷവും അക്രമം പൊട്ടിപ്പുറപ്പെടാവുന്ന സ്ഥിതിയാണ്. ശനിയാഴ്ച അക്രമങ്ങളിൽ മേഖലയിലെ നാൽപതോളം പേർക്ക് പരിക്കേറ്റിരുന്നു. ചുരാചന്ദ്പുർ, തെങ്നോപാൽ ജില്ലകളിലും പ്രതിഷേധക്കാർ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കുക്കി മേധാവിത്വ പ്രദേശങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെ അടഞ്ഞുകിടക്കുകയാണ്.
ദേശീയപാത രണ്ടിൽ ഇംഫാൽ-ദിമാപുർ റോഡിൽ കൂടുതൽ സേനയെ അധികൃതർ വിന്യസിച്ചിട്ടുണ്ട്. സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന കേന്ദ്രനിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടങ്ങിയ ബസ് സർവീസുകൾക്കെതിരേ കുക്കി മേഖലയിൽ തുടങ്ങിയ പ്രതിഷേധമാണ് സംഘർഷത്തിലേക്കു വളർന്നത്.