മഹാരാഷ്ട്ര: ആഭ്യന്തരത്തിൽ വിട്ടുവീഴ്ചയില്ലാതെ ഷിൻഡെ
Sunday, December 8, 2024 1:58 AM IST
മുംബൈ: മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിൽ വകുപ്പ് വിഭജനം അനിശ്ചിതമായി നീളുന്നു.
ആഭ്യന്തരവകുപ്പ് വേണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ആവർത്തിച്ചു. ഇക്കാര്യത്തിൽ മുന്നണി നേതൃത്വം ഇന്ന് അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്നാണു സൂചന.
ഇതിനുപിന്നാലെ ബുധനാഴ്ചയോ വ്യാഴാഴ്ചയോ മന്ത്രിസഭ വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബിജെപിയും ഷിൻഡെ വിഭാഗം ശിവസേനയും അജിത് പവാർ വിഭാഗം എൻസിപിയും തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം നേടിയെങ്കിലും മുന്നണിക്കുള്ളിലെ സമ്മർദതന്ത്രങ്ങൾ മൂലം മന്ത്രിസഭാ വികസനം വൈകുകയാണ്.
ഫഡ്നാവിസിനു മുഖ്യമന്ത്രിസ്ഥാനവും ഷിൻഡെയ്ക്കും അജിത് പവാറിനും ഉപമുഖ്യമന്ത്രിപദവിയുമാണ് ഇതുവരെ തീരുമാനമായിട്ടിലുള്ളത്.
ശിവസേനയ്ക്ക് ആഭ്യന്തരവകുപ്പ് വേണമെന്ന് മുതിർന്ന നേതാക്കളായ ഉദയ് സാമന്ത്, സഞ്ജയ് ഷിർസാത് തുടങ്ങിയവർ പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു.
288 അംഗ സഭയിൽ എംവിഎയ്ക്ക് 230 അഗങ്ങളുടെ പിന്തുണയാണുള്ളത്. സഖ്യത്തിനു നേതൃത്വം നൽകുന്ന ബിജെപിക്കു മാത്രം 132 സീറ്റുകളുണ്ട്. 22 മന്ത്രിമാർവരെയാണ് ബിജെപി നേതൃത്വം ചർച്ചകളിൽ ആവശ്യപ്പെടുന്നത്. ശിവസേനയ്ക്കു 12 വരെ മന്ത്രിസഥാനങ്ങളും അജിത് പവാറിനു പത്തുവരെ മന്ത്രിമാരും ലഭിക്കുമെന്നാണു കരുതുന്നത്.
മുഖ്യമന്ത്രിയുൾപ്പെടെ 43 മന്ത്രിമാരെ കാബിനറ്റിൽ ഉൾക്കൊള്ളിക്കാമെന്നതാണു ചട്ടം. മന്ത്രിസഭയെക്കുറിച്ച് ഇന്നോ നാളയോ വ്യക്തമായ ചിത്രംലഭിക്കുമെന്നു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.