മദ്യനയ അഴിമതിക്കേസിൽ ലഫ്.ഗവർണർ കേജരിവാളിനെ കുറ്റവിചാരണ ചെയ്യാം
Sunday, December 22, 2024 2:07 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെ കുറ്റവിചാരണ ചെയ്യാൻ ലഫ്. ഗവർണർ വി.കെ. സക്സേന അനുമതി നൽകി.
കേജരിവാളിനെതിരേയുള്ള കുറ്റവിചാരണയ്ക്ക് അനുമതി തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ അഞ്ചിന് ഡൽഹി ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിന്റെ തുടർനടപടിയായാണു ലഫ്. ഗവർണർ വിചാരണയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേജരിവാളിനെതിരേയുള്ള നീക്കങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് എഎപി നേതാക്കൾ ആരോപിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം നേരത്തെ കേജരിവാളിനെതിരേ കേസെടുത്തിരുന്നെങ്കിലും ജനപ്രതിനിധികളെ വിചാരണ ചെയ്യാൻ ഗവർണറുടെ അനുമതി മുൻകൂറായി വാങ്ങണമെന്ന് നവംബർ ആറിന് സുപ്രീംകോടതി ഉത്തരവിട്ടതിനാൽ വിചാരണ തുടങ്ങിയിരുന്നില്ല.
ഇതോടെയാണു കേജരിവാളിനെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി ഡൽഹി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഡൽഹി സർക്കാരിന്റെ മദ്യനയ രൂപീകരണത്തിലും നിർവഹണത്തിലും വലിയ രീതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ഇഡി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, കേജരിവാളിനെ കുറ്റവിചാരണ ചെയ്യാൻ ലഫ്. ഗവർണർ അനുമതി നൽകിയെന്ന വാർത്തകൾ എഎപി നേതാവ് മനീഷ് സിസോദിയ തള്ളി. ലഫ്. ഗവർണർ അനുമതി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ് എവിടെയെന്ന് സിസോദിയ ചോദിച്ചു.
വാർത്തകൾ തെറ്റാണെന്നും അംബേദ്കർ വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്നും സിസോദിയ ചൂണ്ടിക്കാട്ടി.