ശ്യാം ബനഗലിനു യാത്രാമൊഴി
Wednesday, December 25, 2024 4:39 AM IST
മുംബൈ: പ്രതിഭയുടെ കൈയൊപ്പുള്ള രചനകളിലൂടെ സമാന്തര സിനിമയുടെ പതാകവാഹകരിലൊരാളായി മാറിയ സംവിധായകപ്രതിഭ ശ്യാം ബനഗലിനു ആരാധകരുടെയും സഹപ്രവർത്തകരുടെയും യാത്രാമൊഴി.
ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ മുംബൈ ദാദറിലെ ശിവജി പാർക്ക് ശ്മശാനത്തിൽ പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു ദാദാ സാഹിബ് പുരസ്കാരം ഉൾപ്പെടെ സ്വന്തമാക്കിയ ശ്യാം ബനഗലിന്റെ സംസ്കാരചടങ്ങുകൾ. ബുധനാഴ്ച വൈകുന്നേരം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശ്യാം ബനഗലിന്റെ അന്ത്യം.
ഭാര്യ നീര ബനഗൽ, മകൾ പിയ എന്നിവർക്കു പുറമേ ചലച്ചിത്രപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നൂറുകണക്കിനു പേർ അന്ത്യകർമങ്ങളിൽ പങ്കാളികളായി. ചലച്ചിത്രലോകത്തുനിന്നും നസറുദ്ദീൻ ഷാ, രജിത് കപുർ, ഇള അരുൺ, ഗുൽസാർ, ജാവേദ് അക്തർ, കുനാൽ കപുർ തുടങ്ങിയർ ശ്യാം ബനഗലിനെ അനുസ്മരിച്ചു.
ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്ക് 2005 ലാണു ശ്യാം ബനഗലിനു ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം ലഭിച്ചത്. വിവിധ വിഭാഗങ്ങളിലായി 17 തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ അദ്ദേഹം 2006 മുതല്‍ 2012 വരെ രാജ്യസഭാംഗമായും ശ്രദ്ധനേടി.