തെരഞ്ഞെടുപ്പു ചട്ട ഭേദഗതി: കമ്മീഷന്റെ വിശ്വാസ്യത തകർക്കാൻ ഗൂഢാലോചനയെന്ന് ഖാർഗെ
സ്വന്തം ലേഖകൻ
Monday, December 23, 2024 4:23 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങളടക്കമുള്ള ചില ഇലക്ട്രോണിക് രേഖകളുടെ പൊതുജന പരിശോധന വിലക്കാൻ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പു ചട്ടം ഭേദഗതി ചെയ്തതിനെതിരേ രൂക്ഷവിമർശനവുമായി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത തകർക്കാനുള്ള വ്യവസ്ഥാപിത ഗൂഢാലോചനയുടെ ഭാഗമായാണു മോദിസർക്കാർ തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്തതെന്ന് ഖാർഗെ ആരോപിച്ചു.
കമ്മീഷന്റെ വിശ്വാസ്യത തകർക്കുന്ന തരത്തിലുള്ള കേന്ദ്രത്തിന്റെ നീക്കങ്ങൾ ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരേയുള്ള കടന്നാക്രമണമാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
കേന്ദ്രം ആദ്യം തെരഞ്ഞെടുപ്പു കമ്മീഷണറെ തെരഞ്ഞെടുക്കുന്ന പാനലിൽനിന്ന് ചീഫ് ജസ്റ്റീസിനെ നീക്കം ചെയ്തു. ഇപ്പോഴവർ തെരഞ്ഞെടുപ്പു വിവരങ്ങൾ ജനങ്ങളിലേക്ക് എത്തുന്നത് തടയുകയാണ്.
വോട്ടെടുപ്പിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കമ്മീഷന് പലതവണ പരാതി നൽകിയെങ്കിലും ധാർഷ്ട്യത്തോടെയാണ് മറുപടികൾ നൽകിയതെന്നും ചില പരാതികൾ പരിഗണിക്കുകപോലും ചെയ്തിട്ടില്ലെന്നും ഖാർഗെ ആരോപിച്ചു.
1961ലെ തെരഞ്ഞെടുപ്പു ചട്ടത്തിൽ കേന്ദ്രം വരുത്തിയ ഭേദഗതിപ്രകാരം തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കിടെ ശേഖരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, വെബ്കാസ്റ്റിംഗ് ദൃശ്യങ്ങൾ തുടങ്ങിയ ഇലക്ട്രോണിക് രേഖകൾ പൊതുജന പരിശോധനയ്ക്കു വിട്ടുനൽകാൻ സാധ്യമല്ലെന്നു വ്യക്തമാക്കിയിരുന്നു.