വിലക്കയറ്റം രൂക്ഷം: കേന്ദ്രസർക്കാർ ഉറക്കം നടിക്കുന്നെന്ന് രാഹുല്‍
സ്വന്തം ലേഖകന്‍
Wednesday, December 25, 2024 4:39 AM IST
ന്യൂഡല്‍ഹി: ജനം വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടുകയാണെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഈ അവസ്ഥയിലാക്കിയ കേന്ദ്ര സര്‍ക്കാരാകട്ടെ കുംഭകര്‍ണനെപ്പോലെ ഉറങ്ങുകയും. ഡല്‍ഹിയിലെ ഗിരി നഗര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ച ശേഷം വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ വിമർശനം. ഒരുകാലത്ത് 40 രൂപയായിരുന്നു വെളുത്തുള്ളിക്ക് ഇപ്പോള്‍ 400 രൂപയായി.
മാര്‍ക്കറ്റിലൂടെ സ്ത്രീകള്‍ക്കൊപ്പം നടക്കുന്ന അഞ്ചുമിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. പച്ചക്കറിയുടെ താങ്ങാനാകാത്ത വില കാരണം ആഗ്രഹിക്കുന്ന ഭക്ഷണം ഉണ്ടാക്കാനാകാത്ത കാര്യം സ്ത്രീകള്‍ രാഹുലിനോട് പരാതിപ്പെടുന്നത് വീഡിയോയില്‍ കാണാം.
വിലക്കയറ്റം തുടര്‍ന്നാല്‍ സാധാരണക്കാര്‍ എന്ത് ഭക്ഷിക്കും? എങ്ങനെ സന്പാദ്യമുണ്ടാക്കും? രാഹുല്‍ ചോദിച്ചു. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ബുള്ളറ്റ് ട്രെയിന്‍ എത്തിയില്ല, എന്നാല്‍ ബുള്ളറ്റ് ട്രെയിനിനെക്കാളും വേഗത്തില്‍ കുതിച്ചുയരുന്ന പണപ്പെരുപ്പം സാധാരണക്കാരന്റെ നട്ടെല്ലൊടിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതേവിഷയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് രംഗത്ത് വന്നിരുന്നു.