ഹിമാചൽ കൊടുംശൈത്യത്തിൽ
Monday, December 23, 2024 4:23 AM IST
ന്യൂഡൽഹി: ഹിമാചൽപ്രദേശ് കൊടുംശൈത്യത്തിന്റെ പിടിയിലേക്ക്. ബിലാസ്പുർ, ഉന, ഹാമിർപുർ, മണ്ഡി ജില്ലകളിൽ ഇതേത്തുടർന്ന് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഹിമാചലിലെ താബോയിൽ ഇന്നലെ മൈനസ് 11.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. സുംദോ, കുസുംസേരി, കൽപ എന്നിവിടങ്ങളിൽ മൈനസ് 5.3 ഡിഗ്രിക്കും മൈനസ് 1.8 ഡിഗ്രി സെൽഷ്യസിനും ഇടയിലാണു താപനില.
ഉയർന്ന മേഖലയിൽ ജലവിതരണ പൈപ്പുകൾ വരെ തണുത്തുമരവിച്ച സ്ഥിതിയിലാണ്. മഞ്ഞുപാളികൾ രൂപപ്പെട്ടതിനാൽ വൈദ്യുതിപദ്ധതികളുടെ പ്രവർത്തനവും തടസപ്പെട്ടു. ജമ്മുകാഷ്മീരിലും അതിശൈത്യം അനുഭവപ്പെടുന്നുണ്ട്. രാത്രിയിൽ താപനില ഉയരുന്നതാണ് ജനങ്ങൾക്കു നേരിയ ആശ്വാസമാകുന്നത്.
ജലസംഭരണികളിൽ പലയിടങ്ങളിലും മഞ്ഞുപാളികൾ രൂപപ്പെട്ടതായി അധികൃതർ അറിയിച്ചു. ശ്രീനഗറിൽ ശനിയാഴ്ച മൈനസ് 4.6 ഡിഗ്രി സെൽഷ്യസാണു താപനില.