ഉന്നാവോ കേസ്: പ്രതിയുടെ ഇടക്കാലജാമ്യം നീട്ടി
Tuesday, December 24, 2024 2:40 AM IST
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷ നേരിടുന്ന ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ ഇടക്കാല ജാമ്യം ഡല്‍ഹി ഹൈക്കോടതി നീട്ടി .
ശാരീരികബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ നാലാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ മാസം ആദ്യം രണ്ടാഴ്ചത്തെ ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാലജാമ്യം അഞ്ചുമാസത്തേക്കു നീട്ടണമെന്നാവശ്യപ്പെട്ട് പ്രതി കോടതിയെ സമീപിച്ചതിനെ ത്തുടര്‍ന്നാണ് ജസ്റ്റീസുമാരായ പ്രതിഭ എം.സിംഗ്, അമിത് ശര്‍മ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ജാമ്യം നീട്ടിയത്. ജനുവരി പത്തുമുതല്‍ 15 വരെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) സന്ദര്‍ശിക്കാനുള്ള അനുമതിയും കോടതി നല്കി. ജനുവരി 20 ന് തിഹാര്‍ ജയിലില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു.
ഡല്‍ഹിക്കു പുറത്തുപോകാന്‍ അനുവാദമില്ല, എയിംസ് സന്ദര്ശിക്കുന്നതിനല്ലാതെ പുറത്തുപോകാന്‍ പാടില്ല തുടങ്ങിയ നിര്ദേശങ്ങളോടെയാണa് ജാമ്യം. 2017ലാണ് കേസിനടിസ്ഥാനമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.