പട്യാല പിടിച്ച് എഎപി, ലുധിയാനയിലും ജലന്ധറിലും വലിയ കക്ഷി
Monday, December 23, 2024 4:23 AM IST
ചണ്ഡിഗഡ്: പഞ്ചാബിലെ അഞ്ചു നഗരസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക്(എഎപി) നേട്ടം. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ തട്ടകമായ പട്യാലയിൽ എഎപി ഭൂരിപക്ഷം നേടി. ലുധിയാന, ജലന്ധർ നഗരസഭകളിൽ എഎപി വലിയ ഒറ്റക്കക്ഷിയായി.
അമൃത്സറിലും ഫഗ്വാരയിലും കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായി. ഇതോടൊപ്പം 44 മുനിസിപ്പൽ കൗൺസിലുകളിലേക്കും നഗർ പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നിരുന്നു.
പട്യാലയിൽ 53 വാർഡുകളിൽ 43 എണ്ണം എഎപി നേടി. കോൺഗ്രസ്, ബിജെപി പാർട്ടികൾക്ക് നാലു വീതവും അകാലി ദളിന് രണ്ടും വാർഡ് ലഭിച്ചു. 95 വാർഡുള്ള ലുധിയാനയിൽ എഎപി 41 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസ്-30, ബിജെപി-19, അകാലി ദൾ-2, സ്വതന്ത്രർ-2 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില.
ഇവിടെയും എഎപി ഭരണം പിടിക്കുമെന്നാണു റിപ്പോർട്ട്. ജലന്ധറിൽ 38 വാർഡുകളിൽ എഎപി വിജയിച്ചു. കോൺഗ്രസ്-25, ബിജെപി-19, ബിഎസ്പി-1, സ്വതന്ത്രർ-2 എന്നിങ്ങനെയാണു മറ്റു കക്ഷികളുടെ നില. ആകെ 85 വാർഡുകളാണു ജലന്ധറിലുള്ളത്. ഭൂരിപക്ഷത്തിന് 43 പേരുടെ പിന്തുണ വേണം.
അമൃത്സറിൽ 85 വാർഡുകളാണുള്ളത്. കോൺഗ്രസ് 40 വാർഡുകൾ നേടി. എഎപി 24ഉം ബിജെപി ഒന്‍പതും അകാലി ദൾ നാലും വാർഡുകളിൽ വിജയിച്ചു. സ്വതന്ത്രർ എട്ടിടത്തു വിജയം നേടി. സ്വതന്ത്രരെ ഒപ്പംകൂട്ടി കോൺഗ്രസ് അധികാരത്തിലേറുമെന്നാണു സൂചന. 50 വാർഡുകളുള്ള ഫഗ്വാരയിൽ 22 വാർഡ് നേടി കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായി. എഎപി-12, ബിജെപി-4, അകാലി ദൾ-3, ബിഎസ്പി-3 എന്നിങ്ങനെയാണു മറ്റു പാർട്ടികൾ വിജയിച്ച വാർഡുകൾ.