ആത്മഹത്യയിൽനിന്നു രക്ഷപ്പെടുത്തിയതിന് 9.91 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നു പോലീസ്
Tuesday, December 24, 2024 2:40 AM IST
ജയ്പുർ: ഇതിലും ഭേദം തന്നെ ജീവനൊടുക്കാൻ അനുവദിക്കുന്നതായിരുന്നെന്നു രാജസ്ഥാനിലെ ആ കർഷകൻ നൂറുവട്ടം ഇതിനകം പറഞ്ഞിട്ടുണ്ടാകും.
ജീവനൊടുക്കാൻ ശ്രമിച്ച കർഷകനെ രക്ഷപ്പെടുത്തിയ പോലീസ് അദ്ദേഹത്തെ കൊല്ലാക്കൊല ചെയ്തിരിക്കുകയാണ്. ആത്മഹത്യ ചെയ്യുന്നത് തടയാൻ പോലീസ് ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾക്കായി 9.91 ലക്ഷം രൂപ നൽകണമെന്നാണു കർഷകനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സർക്കാർ ഏറ്റെടുത്ത തന്റെ ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് രാജസ്ഥാനിലെ ഝൂൻഝൂനു ജില്ലയിലെ കർഷകൻ വിദ്യാധർ യാദവ് ആത്മഹത്യാ ഭീഷണിമുഴക്കിയത്. നവൽഗഡിലെ ഗോതാഡ ഗ്രാമത്തിൽ സിമന്റ് ഫാക്ടറി നിർമാണത്തിനായി വിദ്യാധർ യാദവിന്റെ വീട് ഇടിച്ചുനിരത്തിയാണു സർക്കാർ സ്ഥലം ഏറ്റെടുത്തത്.
നവംബറിൽ സ്ഥലം ഏറ്റെടുത്തെങ്കിലും ഇതുവരെ നഷ്ടപരിഹാരം നൽകിയില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഡിസംബർ ഒൻപതിന് യാദവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ഡിസംബർ 11ന് രാവിലെ 11ന് മുൻപ് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഇതിൽ പറഞ്ഞിരുന്നു. ഡിസംബർ 11ന് ദേഹത്ത് പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യാദവിനെ പോലീസ് രക്ഷപ്പെടുത്തിയിരുന്നു.
അന്നേദിവസം യാദവിന്റെ സുരക്ഷയ്ക്കായി എഎസ്പി, രണ്ട് ഡിവൈഎസ്പിമാർ, രണ്ട് സിഐമാർ, മൂന്ന് എസ്ഐമാർ, ആറ് എഎസ്ഐമാർ, 18 ഹെഡ്കോൺസ്റ്റബിൾമാർ, 67 കോൺസ്റ്റബിൾമാർ എന്നിവരെയും സർക്കാർ വാഹനങ്ങളും നിയോഗിച്ചിരുന്നു. ഇതിനായി 9,91,577 രൂപ സർക്കാർ ഖജനാവിന് ചെലവായതായി ജുൻജുനു ജില്ലാ പോലീസ് മേധാവി യാദവിന് അയച്ച നോട്ടീസിൽ പറയുന്നു. ഈ തുക യാദവിൽനിന്ന് ഈടാക്കണമെന്നാണ് എസ്പിയുടെ ഉത്തരവ്.