ശ്യാം ബെനഗൽ അന്തരിച്ചു
Tuesday, December 24, 2024 2:40 AM IST
മുംബൈ: വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90 വയസായിരുന്നു. ഇന്നലെ വൈകുന്നേരം ആറരയോടെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് മകൾ പിയ അറിയിച്ചു.
വൃക്കസംബന്ധമായ അസുഖങ്ങൾക്കു ചികിത്സയിലായിരുന്നു. ഈ മാസം 14നാണ് ശ്യാം ബെനഗൽ 90-ാം ജന്മദിനം ആഘോഷിച്ചത്. ദാദാ സാഹെബ് ഫാൽക്കേ പുരസ്കാര ജേതാവായ ശ്യാം ബെനഗലിനെ 1976ൽ പദ്മശ്രീയും 1991ൽ പദ്മഭൂഷണും നല്കി രാജ്യം ആദരിച്ചു.
1970കളിലും 1980കളിലും ഇന്ത്യൻ സമാന്തരസിനിമയ്ക്കു തുടക്കംകുറിച്ച പ്രതിഭയാണ് ശ്യാം ബെനഗൽ. അങ്കുർ, നിഷാന്ത്, മന്ഥൻ, ഭൂമിക, ജുനൂൻ, മമ്മോ, സർദാരി ബീഗം, സൂരജ് കാ സാത്വാൻ ഘോഡ, സുബൈദ തുടങ്ങിയവ ശ്യാം ബെനഗൽ സംവിധാനം ചെയ്ത ക്ലാസിക് സിനിമകളാണ്.
മിക്ക ചലച്ചിത്രങ്ങൾക്കും ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. ദ മേക്കിംഗ് ഓഫ് ദ മഹാത്മ, നേതാജി സുഭാഷ് ചന്ദ്രബോസ്: ദ ഫോർഗോട്ടൺ ഹീറോ എന്നിവ പ്രശസ്ത ബയോപിക്കുകളാണ്. 1974ൽ പുറത്തിറങ്ങിയ അങ്കുർ ആണ് ആദ്യ സിനിമ. ശബാന ആസ്മി, സ്മിതാ പാട്ടീൽ തുടങ്ങിയ അഭിനയപ്രതിഭകളെ സിനിമയിൽ അവതരിപ്പിച്ചത് ശ്യാം ബെനഗലായിരുന്നു.
2023ൽ പുറത്തിറങ്ങിയ "മുജീബ്: ദ മേക്കിംഗ് ഓഫ് എ നേഷൻ' ആണ് അവസാന സിനിമ. 1980 മുതൽ 1986 വരെ ശ്യാം ബെനഗൽ നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ(എൻഎഫ്ഡിസി) ചെയർമാനായിരുന്നു.
1934ൽ ഹൈദരാബാദിൽ, കൊങ്കണി സംസാരിക്കുന്ന കുടുംബത്തിലാണ് ശ്യാം ബെനഗൽ ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് ശ്രീധർ ബി. ബെനഗൽ പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്നു. ശ്യാം ബെനഗലിന്റെ അടുത്ത ബന്ധുവാണ് പ്രശസ്ത സംവിധായകൻ ഗുരുദത്ത്.