പഞ്ചാബിൽ കെട്ടിടം തകർന്ന് രണ്ടു മരണം
Monday, December 23, 2024 4:23 AM IST
ചണ്ഡിഗഢ്: പഞ്ചാബിലെ മൊഹാലിയിൽ മൂന്നുനില കെട്ടിടം തകർന്നുവീണു മരിച്ചവരുടെ എണ്ണം രണ്ടായി. 29 വയസുള്ള യുവാവിന്റെ മൃതദേഹം ഇന്നലെ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു.
ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു. സമീപത്തുള്ള മറ്റൊരു സ്ഥലത്ത് അനധികൃതമായി മണ്ണുകുഴിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണു പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
കെട്ടിടത്തിന്റെ രണ്ട് ഉടമസ്ഥർ, സമീപത്ത് കുഴിയെടുത്ത കോൺട്രാക്റ്റർ എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായസംഹിതയുടെ 105 വകുപ്പ് പ്രകാരം കെട്ടിടത്തിന്റെ ഉടമകളായ പർവീന്ദർ സിംഗ്, ഗഗൻദീപ് സിംഗ് എന്നിവർക്കെതിരേയാണ് കേസ്. നിലംപതിക്കുന്നതിനു മുൻപ് കെട്ടിടം ഒരു വശത്തേക്കു ചെരിഞ്ഞുവെന്ന് കാഴ്ചക്കാർ പറയുന്നു. പരിസരവാസികൾ ബഹളം വച്ചതോടെ ഏതാനും പേർ കെട്ടിടത്തിനുള്ളിൽനിന്ന് ഓടി രക്ഷപ്പെട്ടു.