പാലക്കാട് സംഭവം: നടപടി വേണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
Tuesday, December 24, 2024 2:40 AM IST
ന്യൂഡല്‍ഹി: ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ടു പാലക്കാട് സര്‍ക്കാര്‍ സ്കൂളില്‍ നടന്ന സംഭവം അപലപനീയമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്. വിഷയത്തില്‍ കേരളസര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. നബിദിനവും ശ്രീകൃഷ്ണജയന്തിയുമടക്കമുള്ള ആഘോഷങ്ങള്‍ കുട്ടികള്‍ക്കു സാംസ്കാരിക അറിവു നല്‍കും. വിഷയത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാർ പാലക്കാട്ട് കരോള്‍ നടത്തിയത് ഇടുക്കി ബിഷപ്ഹൗസിലേക്ക് ബോംബ് എറിഞ്ഞതിനുള്ള പശ്ചാത്താപമായിട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2018ല്‍ കരോള്‍സംഘത്തെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇപ്പോള്‍ കരോള്‍ നടത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പരിഹസിച്ചു. ഇത്തരം പ്രവൃത്തി ആരുചെയ്താലും അംഗീകരിക്കാനാകില്ലെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
കേന്ദ്രമന്ത്രി എന്ന നിലയില്‍ മുനമ്പത്തെ ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമെന്നും അവിടത്തെ സാധാരണക്കാരെ കബളിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നിസാര്‍ കമ്മീഷന് അന്വേഷിച്ച വിഷയത്തില്‍ വീണ്ടും ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു വിഷയത്തില്‍ രണ്ടുവട്ടം ജുഡീഷല്‍ കമ്മീഷന് സാധ്യമാണോ എന്നും അദ്ദേഹം ചോദിച്ചു.