ഡൽഹി സ്കൂളുകൾക്ക് ബോംബ് ഭീഷണി; പിന്നിൽ വിദ്യാർഥികളുമുണ്ടെന്ന് പോലീസ്
സ്വന്തം ലേഖകൻ
Monday, December 23, 2024 4:23 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സ്കൂളുകൾക്ക് തുടർച്ചയായി വരുന്ന ബോംബ് ഭീഷണികളിൽ ചെറിയൊരു ട്വിസ്റ്റ് വെളിപ്പെടുത്തി ഡൽഹി പോലീസ്. മൂന്നു സ്കൂളുകളിലെങ്കിലും വ്യാജ ഭീഷണി സന്ദേശമയച്ചത് സ്കൂളുകളിലെ വിദ്യാർഥികൾ തന്നെയാണെന്ന് പോലീസ് കണ്ടെത്തി. പരീക്ഷകൾ മാറ്റിവയ്ക്കാനും സ്കൂളുകൾ പ്രവർത്തിക്കാതിരിക്കാനും വിദ്യാർഥികൾ കാട്ടിയ സാഹസമാണ് സ്കൂളുകളിൽ ബോംബുകൾ വച്ചിട്ടുണ്ടെന്ന സന്ദേശം അയയ്ക്കുന്നതിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു.
രണ്ടാഴ്ചയ്ക്കിടെ ഡൽഹിയിലെ നൂറിലധികം സ്കൂളുകൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. മറ്റു സ്കൂളുകൾക്ക് ഇത്തരം ഭീഷണി ലഭിച്ചതിൽനിന്നാണ് തങ്ങളുടെ സ്കൂളുകൾക്കും ഭീഷണി അയയ്ക്കാനുള്ള ആശയം ചില വിദ്യാർഥികൾക്കു ലഭിച്ചത്.
ഡൽഹി രോഹിണിയിലെ ഒരു സ്കൂളിന് ഇത്തരമൊരു ബോംബ് ഭീഷണി സന്ദേശം അയച്ചത് സ്കൂളിലെ വിദ്യാർഥികളായ സഹോദരങ്ങളാണെന്നുംപരീക്ഷകൾ റദ്ദാക്കാനാണ് അവർ ഇതു ചെയ്തതെന്നും പോലീസ് കണ്ടെത്തി. ഇതുപോലെതന്നെ മറ്റു രണ്ട് സ്കൂളുകൾക്ക് വിദ്യാർഥികൾ സന്ദേശമയച്ചത് ഒരു ദിവസത്തേക്ക് സ്കൂളുകൾ അടച്ചിടാനാണെന്നും പോലീസ് പറഞ്ഞു.
വിദ്യാർഥികളായതിനാൽ കേസെടുക്കാതെ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി അവരെ കൗണ്സലിംഗിന് അയച്ചതായും പോലീസ് വെളിപ്പെടുത്തി. അതിനിടെ, ഡൽഹിയിലെ സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ പൊതുസ്ഥാപനങ്ങൾക്കുനേരേ ബോംബ് ഭീഷണി അയച്ച മറ്റുള്ളവരെ തിരിച്ചറിയാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വ്യാജ സന്ദേശങ്ങൾ വിപിഎൻ ഉപയോഗിച്ച് അയച്ചതിനാൽ കുറ്റവാളികളെ കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് പോലീസിന്റെ വിശദീകരണം.