ഭുജ്ബലുമായി കൂടിക്കാഴ്ച നടത്തി ഒബിസി നേതാക്കൾ
Monday, December 23, 2024 4:23 AM IST
മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ട പ്രമുഖ ഒബിസി നേതാവ് ഛഗൻ ഭുജ്ബലുമായി വിവിധ ഒബിസി സംഘടനകളുടെ നേതാക്കൾ കൂടിക്കാഴ്ച നത്തി. മുംബൈയിൽ യോഗം ചേർന്ന ശേഷമാണ് ഒബിസി നേതാക്കൾ ഭുജ്ബലിനെ കണ്ടത്.
താൻ എന്തു നിലപാടെടുത്താലും പിന്തുണയ്ക്കുമെന്ന് നേതാക്കൾ അറിയിച്ചെന്ന് ഭുജ്ബൽ പറഞ്ഞു. “എൻസിപി വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേലും സംസ്ഥാന അധ്യക്ഷൻ സുനിൽ താത്കറെയും എന്നെ മന്ത്രിയാക്കാൻ പരിശ്രമിച്ചിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും അവസാന മിനിറ്റ് വരെ എന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒഴിവാക്കപ്പെട്ടു”-ഛഗൻ ഭുജ്ബൽ പറഞ്ഞു. അജിത് പവാറാണ് തന്നെ മാറ്റിനിർത്തിയതെന്ന് ഭുജ്ബൽ പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു.
മന്ത്രിസ്ഥാനം കിട്ടാത്തതിൽ അതൃപ്തനായ ഭുജ്ബുൽ നാഗ്പുരിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ സ്വന്തം മണ്ഡലമായ യേവ്ലയിലേക്കു മടങ്ങിയിരുന്നു.