ലേലു അല്ലു...ചോദ്യംചെയ്യലിൽ മൗനംപാലിച്ച് അല്ലു അർജുൻ
Wednesday, December 25, 2024 4:39 AM IST
ഹൈദരാബാദ്: പുഷ്പ -2 റിലീസിംഗ് ദിനത്തിൽ ഹൈദരാബാദിലെ തിയറ്റിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചിത്രത്തിലെ നായകനും തെലുങ്കു സൂപ്പർ താരവുമായ അല്ലു അർജുനെ പോലീസ് മൂന്നുമണിക്കൂറിലേറെ ചോദ്യംചെയ്തു.
സ്ത്രീയുടെ മരണം അറിഞ്ഞത് എപ്പോഴാണ് എന്നതുൾപ്പെടെ സുപ്രധാന ചോദ്യങ്ങളിലെല്ലാം നടൻ മൗനം പാലിച്ചുവെന്നാണു റിപ്പോർട്ടുകൾ. ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെ അച്ഛൻ അല്ലു അരവിന്ദിനൊപ്പമാണു നടൻ ചിക്കഡ്പള്ളി പോലീസ് സ്റ്റേഷനിലെത്തിയത്. സെൻട്രൽ സോൺ ഡിസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉച്ചകഴിഞ്ഞ് 2.45 വരെ ചോദ്യംചെയ്തുവെങ്കിലും പല ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ നടനു കഴിഞ്ഞില്ല.
അനുമതി നിഷേധിച്ചിട്ടും റോഡ് ഷോയ്ക്കായി എന്തിന് തിയറ്ററില്‍ പോയി, സ്വകാര്യ സുരക്ഷ സംഘം ജനങ്ങളെ മര്‍ദിച്ചിട്ടും എന്തുകൊണ്ട് ഇടപെട്ടില്ല, എപ്പോഴാണ് യുവതിയുടെ മരണവിവരം അറിഞ്ഞത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്പര വിരുദ്ധമായ സംസാരിച്ചത് എന്തിനായിരുന്നു എന്നതുൾപ്പെടെ ഒട്ടേറെ ചോദ്യങ്ങളാണ് നടൻ നേരിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി അല്ലു അർജുനെ അപകടം നടന്ന തിയറ്ററില്‍ അടുത്തദിവസം എത്തിച്ച് തെളിവെടുപ്പു നടത്തുമെന്നാണ് വിവരം.
ഈ മാസം നാലിന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് അപകടമുണ്ടായത്. പുഷ്പ- 2 ന്റെ ആദ്യപ്രദർശനം കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) ആണ് തിക്കിലും തിരക്കിലും പെട്ടു മരിച്ചത്. ഭര്‍ത്താവ് ഭാസ്കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു ഇവർ സിനിമ കാണാൻ എത്തിയത്.
ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടൻ തിയറ്ററിലെത്തിയതോടെ ആരാധകർ തിരക്കു കൂട്ടിയതാണ് അപകടത്തിലേക്കു നയിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീതേജ് ആശുപത്രിയിൽ തുടരുകയാണ്.
ഇതേത്തുടർന്ന് നടൻ, തിയറ്റർ നടത്തിപ്പുകാർ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. അറസ്റ്റിലായ അല്ലു അർജുൻ ഒരുദിവസം ജയിലിൽകഴിഞ്ഞശേഷം കോടതി ജാമ്യം അനുവദിച്ചതോടെ പുറത്തിറങ്ങുകയായിരുന്നു.
അപകടം സംബന്ധിച്ച് വ്യത്യസ്തമായ പ്രതികരണങ്ങളാണ് നടൻ നടത്തിയത്. എന്നാൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചിട്ടും അതു വകവയ്ക്കാതെ നടൻ തിയറ്ററിൽ എത്തിയെന്നാണ് സർക്കാരും പോലീസും വാദിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് നടന്റെ ചോദ്യംചെയ്യൽ. അല്ലു അർജുൻ എത്തുന്നതു കണക്കിലെടുത്ത് പോലീസ് സ്റ്റേഷൻ പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പോലീസ് സ്റ്റേഷനിലേക്കുള്ള റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.
ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ചയാണു നടന് നോട്ടീസ് നൽകിയത്. തിയറ്ററിലെ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തലേന്നു പോലീസ് പുറത്തുവിടുകയും ചെയ്തിരുന്നു.