ഫഡ്നാവിസുമായി ഭുജ്ബൽ ചർച്ച നടത്തി
Tuesday, December 24, 2024 2:40 AM IST
മുംബൈ: മുതിർന്ന എൻസിപി (അജിത് പവാർ) നേതാവ് ഛഗൻ ഭുജ്ബൽ ഇന്നലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ് ഭുജ്ബൽ.
ഭുജ്ബലിന് ദേശീയതലത്തിൽ പദവി നല്കുമെന്ന് ഫഡ്നാവിസ് പൂനയിൽ പറഞ്ഞു. എൻസിപി ദേശീയപാർട്ടിയാകണമെന്നാണ് അജിത് പവാറിന്റെ ആഗ്രഹമെന്ന് ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹ്യ സ്ഥിതിഗതികൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തുവെന്ന് ഭുജ്ബൽ പറഞ്ഞു. ഭുജ്ബലിന്റെ മരുമകൻ സമീറും ചർച്ചയിൽ പങ്കെടുത്തു.
ബിജെപിയിൽ ചേരാനൊരുങ്ങുകയാണോയെന്ന ചോദ്യത്തിനു മറുപടി നല്കാൻ ഭുജ്ബൽ തയാറായില്ല. തനിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചത് അജിത് പവാറാണെന്ന് ഭുജ്ബൽ പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു.