വോട്ടിലാണ് നോട്ടം; ഡൽഹിയിൽ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000
Monday, December 23, 2024 4:23 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജനപ്രിയ പദ്ധതികൾ നടപ്പിലാക്കി ഡൽഹി എഎപി സർക്കാർ. വനിതകൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കുമെന്ന് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കേജരിവാൾ അറിയിച്ചു.
60 വയസ് കഴിഞ്ഞവർക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയുടെയും രജിസ്ട്രേഷനും ഇതോടൊപ്പം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 18 വയസിനു മുകളിൽ പ്രായമുള്ള വനിതകൾക്ക് പ്രതിമാസം 1,000 രൂപ നൽകുന്ന മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന പദ്ധതി ബജറ്റിലെ സർക്കാർ പ്രഖ്യാപനമായിരുന്നു.
പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയാൽ ഈ തുക 2,100 രൂപയായി ഉയർത്തുമെന്ന് കേജരിവാൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പദ്ധതികളുടെ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കുമെന്നും എഎപി സന്നദ്ധപ്രവർത്തകർ ഓരോ വീടുകളിലെത്തി രജിസ്ട്രേഷൻ നടത്തുമെന്നും കേജരിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എഎപി ജനങ്ങൾക്ക് വ്യാജ സ്വപ്നങ്ങൾ നൽകുകയാണെന്ന് ബിജെപി ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലും പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും ആം ആദ്മി സമാനമായ വാഗ്ദാനങ്ങൾ നൽകിയെങ്കിലും നടപ്പാക്കിയിരുന്നില്ലെന്ന് ബിജെപി പറഞ്ഞു.