യുവതി മരിച്ചതറിഞ്ഞിട്ടും അല്ലു അർജുൻ തിയറ്ററിൽ തുടർന്നു
Tuesday, December 24, 2024 2:40 AM IST
ഹൈദരാബാദ്: പുഷ്പ-2 സിനിമയുടെ റിലീസിംഗ് ദിനത്തിൽ സ്ത്രീ മരിച്ചതറിഞ്ഞിട്ടും നടൻ അല്ലു അർജുൻ തിയറ്ററിൽ സിനിമ കാണുന്നത് തുടർന്നെന്നു പോലീസ്. അല്ലു അർജുനെ അപകടം വിവരം അറിയിച്ചിട്ടും അദ്ദേഹം തിയറ്റർ വിട്ടുപോകാൻ കൂട്ടാക്കിയില്ലെന്ന് പോലീസ് പറയുന്നു.
ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ സി.വി. ആനന്ദാണ് ഇക്കാര്യം പറഞ്ഞത്. തിക്കുംതിരക്കും ഉണ്ടാകാനിടയായ സാഹചര്യം വിശദീകരിക്കുന്ന പോലീസ് ചിത്രീകരിച്ച വീഡിയോയും അദ്ദേഹം പുറത്തുവിട്ടു.
വാർത്താ ചാനലുകളിൽനിന്നു ശേഖരിച്ചതും സംഭവസ്ഥലത്തുണ്ടായിരുന്നവർ ഫോണിൽ ചിത്രീകരിച്ചതുമായ ദൃശ്യങ്ങൾ ചേർത്താണ് പോലീസ് വീഡിയോ തയാറാക്കിയത്. അർധരാത്രിവരെ നടൻ തിയറ്ററിലുണ്ടായിരുന്നതായി ദൃശ്യങ്ങളിൽ സൂചനയുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് അഭിപ്രായംപറയാൻ കമ്മീഷണർ തയാറായില്ല. മാധ്യമങ്ങൾക്ക് അവരവരുടെ നിഗമനങ്ങളിൽ എത്താമെന്ന് അദ്ദേഹം പറഞ്ഞു.
""തിയറ്ററിനു പുറത്തുനടന്ന ദാരുണസംഭവത്തെക്കുറിച്ച് നടനെ അറിയിക്കാൻ അല്ലു അർജുന്റെ മാനേജരോട് ആവശ്യപ്പെട്ടെങ്കിലും അറിയിച്ചില്ലെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നീട് നടന്റെ അടുത്തെത്തിയ താൻ യുവതി മരിച്ചവിവരം പറയുകയും തിയറ്റർ വിട്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തിയറ്ററിൽനിന്നു പുറത്തുപോകുന്നതിനു സുരക്ഷ ഏർപ്പാടുത്തുമെന്നും താരത്തെ അറിയിച്ചു. എന്നാൽ, സിനിമ കണ്ടതിനു ശേഷം മാത്രമേ താൻ പുറത്തുപോകുകയുള്ളൂവെന്ന് അല്ലു അർജുൻ പറഞ്ഞു. ഇതിനുശേഷം മുതിർന്ന ഉദ്യോഗസ്ഥനുമായി എത്തിയാണ് അല്ലു അർജുനെ തിയറ്ററിനു വെളിയിൽ എത്തിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. മടങ്ങുമ്പോൾ ആളുകളെ കാണരുതെന്ന നിർദേശവും പാലിച്ചില്ല.
ദുരന്തശേഷവും നടൻ ആളുകളെ അഭിവാദ്യം ചെയ്തതായും പോലീസ് പറയുന്നു. അല്ലു അർജുന്റെ ബൗൺസർമാർ (സുരക്ഷാ ഉദ്യോഗസ്ഥർ) ജനക്കൂട്ടത്തെയും പോലീസുകാരെയും പിടിച്ചു തള്ളി. ബൗൺസർമാർ ഡ്യൂട്ടിയിലുള്ള പോലീസിനോടു മോശമായി പെരുമാറിയാൽ കർശന നടപടി സ്വീകരിക്കുമെന്നു പോലീസ് കമ്മീഷണർ മുന്നറിയിപ്പു നൽകി.
ബൗൺസർമാരുടെ പെരുമാറ്റത്തിന് അവരെ നിയമിക്കുന്ന വിഐപികൾ ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, അല്ലു അർജുന് സുരക്ഷ ശക്തമാക്കി. നടന്റെ വീടിനു നേർക്കുണ്ടായ ആക്രമണത്തിനു ശേഷമാണ് പോലീസ് സുരക്ഷ ശക്തമാക്കിയത്. ആക്രമണ സംഭവത്തിൽ അറസ്റ്റിലായവർക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ആറു പേരാണ് അറസ്റ്റിലായത്.
ഒസ്മാനിയ സർവകലാശാല ജോയിന്റ് ആക്ഷൻ കമ്മിറ്റി അംഗങ്ങളെന്ന് അവകാശ പ്പെട്ട ഒരുകൂട്ടം യുവാക്കൾ അല്ലു അര്ജുന്റെ ഹൈദരാബാദ് ജൂബിലി ഹില്ലിലെ വീട്ടിലേക്ക് ഇരച്ചുകയറി കല്ലുകളും തക്കാളിയും വലിച്ചെറിയുകയായിരുന്നു.
കഴിഞ്ഞ നാലിന് പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും രേവതി എന്ന വീട്ടമ്മ മരിച്ചിരുന്നു. ഇവരുടെ മകനു ഗുരുതരമായി പരിക്കേറ്റു. കുട്ടി അബോധാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. അല്ലു അർജുനെ ഹൈദരാബാദ് പോലീസ് ഇന്നു ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്.