മൂന്നു ഖലിസ്ഥാൻ തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു
Tuesday, December 24, 2024 2:40 AM IST
പിലിഭിത്: ഉത്തർപ്രദേശിലെ പിലിഭിത്തിൽ മൂന്നു ഖലിസ്ഥാൻ തീവ്രവാദികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു.
പഞ്ചാബിലെ ഗുരുദാസ്പുരിലുണ്ടായ ഗ്രനേഡ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരാണു കൊല്ലപ്പെട്ട തീവ്രവാദികൾ. ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് (കെസെഡ്എഫ്) സംഘടനയിൽപ്പെട്ട വാരീന്ദർ സിംഗ് (23), ഗുർവിന്ദർ സിംഗ് (25), ജഷാൻപ്രീത് സിംഗ് (18) എന്നിവരാണു കൊല്ലപ്പെട്ടത്.
യുപി, പഞ്ചാബ് പോലീസ് സംയുക്തമായാണു തീവ്രവാദികളെ നേരിട്ടത്. രണ്ട് എകെ 47 റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ തീവ്രവാദികളിൽനിന്നു കണ്ടെടുത്തു. കൊല്ലപ്പെട്ടവർ ഗുരുദാസ്പുർ ജില്ലയിലെ കലാൻപുരിലുള്ളവരാണ്.
പിലിഭിത്തിലെ പുരാൻപുർ മേഖലയിൽ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. പോലീസ് സംഘത്തെ കണ്ട് തീവ്രവാദികളാണ് ആദ്യം വെടിവയ്പ് നടത്തിയത്. തുടർന്ന് പോലീസ് സംഘം തിരിച്ചുവെടിവച്ചതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു.
കലാൻപുരിലെ ബക്ഷിവാല പോലീസ് പോസ്റ്റിനു നേർക്ക് ഈ മാസം 18ന് ഗ്രനേഡ് ആക്രമണം നടത്തിയത് കൊല്ലപ്പെട്ട തീവ്രവാദികളാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം കെസെഡ്എഫ് ഏറ്റെടുത്തിരുന്നു.
പാക്കിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണിത്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന രൺജീത് സിംഗ് നിതയാണ് കെസെഡ് എഫ് തലവൻ. സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഗ്രീസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജസ്വിന്ദർ സിംഗ് മന്നു ആണ്.