ഐഎസ്ആർഒ സ്പെഡെക്സ് പരീക്ഷണം തിങ്കളാഴ്ച
Tuesday, December 24, 2024 2:40 AM IST
ചെന്നൈ: ഇന്ത്യയുടെ ഡോക്കിംഗ് പരീക്ഷണമായ പിഎസ്എല്‍വി-സി60 അഥവ സ്പെഡെക്സ് പരീക്ഷണം ഡിസംബര്‍ 30നു നടക്കുമെന്ന് ഐഎസ്ആര്‍ഒ. ഇതിനുള്ള തയാറെടുപ്പുകള്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ പുരോഗമിക്കുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ആദ്യത്തെ ലോഞ്ച് പാഡില്‍നിന്ന് ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 9.58ന് ആയിരിക്കും വിക്ഷേപണം. വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി60 ആദ്യ ലോഞ്ചിംഗ് പാഡിലെത്തിച്ചു.
റോക്കറ്റില്‍ രണ്ട് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ബഹിരാകാശത്തുവച്ച് രണ്ട് യൂണിറ്റുകള്‍ യോജിപ്പിക്കുന്ന ഡോക്കിംഗ് സാങ്കേതിക വിദ്യാ പരീക്ഷണമാണു സ്പെഡെക്സ്.
പരീക്ഷണം നടത്താനുള്ള ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങളെ 470 കിലോമീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലര്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. ഒറ്റ വിക്ഷപണത്തിന് ശേഷം ഈ പേടകങ്ങള്‍ തമ്മിലുള്ള അകലം പതിയെ കുറച്ചുകൊണ്ടുവന്നാണു കൂട്ടിയോജിപ്പിക്കുക.
സ്പെഡെക്സ് പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ മാത്രം രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, റഷ്യ, ചൈന എന്നീ വമ്പന്മാരുടെ കൈവശം മാത്രമാണ് നിലവില്‍ ഈ സാങ്കേതികവിദ്യയുള്ളത്. ചന്ദ്രയാന്റെ അടുത്ത ഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഗഗന്‍യാനും ഡോക്കിംഗ് സാങ്കേതികവിദ്യ കരുത്താകും.