പരീക്ഷാഫോമുകള്ക്ക് ജിഎസ്ടി: വിമർശിച്ച് പ്രിയങ്ക
Tuesday, December 24, 2024 2:40 AM IST
ന്യൂഡല്‍ഹി: പരീക്ഷാഫോമുകള്‍ക്കു 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി യുവാക്കളുടെ മുറിവില്‍ ഉപ്പുതേക്കുന്നതാണെന്ന് വയനാട് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. യുവാക്കള്‍ക്കു ജോലി നല്കാന് കഴിയാത്ത ബിജെപിയാണ് പരീക്ഷാഫോമുകള്ക്ക് നികുതി ചുമത്തുന്നത്.
പരീക്ഷാഫോമുകള് പൂരിപ്പിച്ചു കഴിഞ്ഞ് അഴിമതിയോ സര്‍ക്കാരിന്റെ വീഴ്ചയോ കാരണം പരീക്ഷ പേപ്പര്‍ ചോര്‍ന്നാല്‍ യുവാക്കളുടെ പണം നഷ്ടമാകും. അഗ്നിവീര്‍ അടക്കമുള്ള എല്ലാ സര്ക്കാര്ജോലികള്ക്കും ജിഎസ്ടി ചുമത്തുകയാണ്.
ലക്നോവിലെ കല്യാണ്‍സിംഗ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരീക്ഷാഫോമിന് 18 ശതമാനം ജിഎസ്ടി ഈടാക്കാന്‍ തുടങ്ങിയത് സാമൂഹികമാധ്യമമായ എക്സിലൂടെ പങ്കുവച്ചായിരുന്നു പ്രിയങ്കയുടെ പ്രതികരണം. 1000 രൂപ വരുന്ന പരീക്ഷാഫോമിനു ജിഎസ്ടി അടക്കം 1180 രൂപയാണ് ഈടാക്കുന്നത്.