ലോകസമാധാനത്തിനായി കൈകോർക്കാം: കർദിനാൾ മാർ ജോർജ് കൂവക്കാട്ട്
Wednesday, December 25, 2024 4:39 AM IST
ഏവര്‍ക്കും ഫ്രാന്‍സിസ് പാപ്പയുടെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ക്രിസ്മസിന്റെയും നവവത്സരത്തിന്റെയും മംഗളാശംസകള്‍ നേരുന്നു. ക്രിസ്മസ് നമുക്കു ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമാണു നല്‍കുന്നത്. “അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും’’ എന്നാണല്ലോ ക്രിസ്മസ് രാവില്‍ മാലാഖമാര്‍ പാടിയത്. എന്നാല്‍ നമ്മള് കലുഷിതമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്.
യുദ്ധങ്ങളും കലാപങ്ങളും ലോകത്തിന്റെ പലഭാഗങ്ങളിലും നടമാടുകയാണ്. ക്രിസ്തുവിന്റെ ദൗത്യംപേറുന്ന കത്തോലിക്കാസഭ എപ്പോഴും സമാധാനത്തിനുവേണ്ടിയാണു നിലകൊള്ളുന്നത്. സഭ എല്ലാ യുദ്ധങ്ങളെയും അപലപിക്കുന്നു. യുദ്ധങ്ങള്‍ക്കുള്ള ന്യായങ്ങള്‍ എന്തുമായിക്കൊള്ളട്ടെ, അവയേക്കാള്‍ ഉന്നതമാണ് മനുഷ്യമാഹാത്മ്യം എന്ന കാഴ്ചപ്പാടാണു സഭയ്ക്കുള്ളത്. സഭ ഈ വര്‍ഷം പുറത്തിറക്കിയ ‘അനന്തമാഹാത്മ്യം’ (Dignitas Infinita) എന്ന പ്രമാണരേഖയുടെ ഖണ്ഡിക 38-ല്‍ മനുഷ്യമാഹാത്മ്യത്തെ നിരാകരിക്കുന്ന ദുരന്തമെന്നാണു യുദ്ധത്തെ വിശേഷിപ്പിക്കുന്നത്.
സഭ ഈശോമിശിഹായുടെ തിരുജനനത്തിന്റെ 2025-ാമത് ജൂബിലിയിലേക്കു പ്രവേശിക്കുകയാണ്. ഈ പുതുവത്സരം അഥവാ ജൂബിലിവര്‍ഷം ലോകസമാധാനത്തിന്റെ പുതുയുഗപ്പിറവിയായി മാറട്ടെ എന്നു പ്രത്യാശിക്കാം. അതിനായി നമുക്കു കൈകോര്‍ത്തു പ്രവര്‍ത്തിക്കാം.