തെരഞ്ഞെടുപ്പിലെ ഇലക്ട്രോണിക് രേഖകളുടെ പൊതുപരിശോധനയ്ക്ക് പൂട്ട്
Sunday, December 22, 2024 2:07 AM IST
സീനോ സാജു
ന്യൂഡൽഹി: തെരഞ്ഞെടുപ്പിന്റെ സിസിടിവി തുടങ്ങിയ ഇലക്ട്രോണിക് രേഖകൾ പൊതുജനങ്ങൾക്ക് ഇനി പരിശോധിക്കാൻ അനുവാദമില്ല. തെരഞ്ഞെടുപ്പ് രേഖകൾ പൊതുപരിശോധനയ്ക്കു നൽകിയിരുന്ന തെരഞ്ഞെടുപ്പു ചട്ടം കേന്ദ്രസർക്കാർ ഭേദഗതി ചെയ്തതോടെയാണു പുതിയ നിയന്ത്രണം.
കഴിഞ്ഞ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ രേഖകൾ ഹാജരാക്കാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടതിനു പിന്നാലെയാണ് ചട്ടം ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിട്ടത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനങ്ങളുടെ പരിശോധനയ്ക്കായി വിട്ടുനൽകാൻ അനുവദിച്ചിരുന്ന 1961ലെ നിയമമാണു കേന്ദ്രം ഭേദഗതി ചെയ്തത്. ഭേദഗതി പ്രകാരം നിയമത്തിൽ പ്രതിപാദിച്ചിട്ടുള്ള രേഖകൾ മാത്രമേ പൊതുപരിശോധനയ്ക്ക് വിട്ടുനൽകൂ.
ഇതുപ്രകാരം സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പത്രിക, തെരഞ്ഞെടുപ്പ് ഏജന്റുമാരുടെ വിവരം, തെരഞ്ഞെടുപ്പ് ഫലം തുടങ്ങിയവ പൊതുജനങ്ങൾക്ക് ലഭ്യമാകുന്പോൾ സ്ഥാനാർഥികളുടെ സിസിടിവി കാമറ, വെബ്കാസ്റ്റിഗ് വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയ ഇലക്ട്രോണിക് രേഖകളിലാണു കേന്ദ്രസർക്കാർ പൂട്ടിട്ടിരിക്കുന്നത്.
കഴിഞ്ഞ ഒന്പതിന് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും ഹാജരാക്കാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് ഉത്തരവിട്ടിരുന്നു.
തെരഞ്ഞെടുപ്പിലെ സിസിടിവി ദൃശ്യങ്ങളും എത്ര വോട്ടുകൾ പോൾ ചെയ്തുവെന്നുള്ള 17സി രേഖയും ഇവിഎം രേഖകളുമെല്ലാം പരിശോധനയ്ക്കായി നൽകണമെന്നാവശ്യപ്പെട്ട് മെഹമൂദ് പ്രാച എന്ന അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
പ്രാച ഹരിയാന സ്വദേശിയല്ലെന്നും തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയല്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നിയമമനുസരിച്ച് രേഖകൾ ആവശ്യപ്പെടുന്ന ആർക്കും പരിശോധനയ്ക്കായി നൽകണമെന്നു കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ നീക്കം.
അതിനിടെ നിയമഭേദഗതിക്കെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കുന്ന നീക്കമാണിതെന്നു എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റെ നീക്കത്തിനു പിന്നിൽ എന്തൊക്കെയോ ചില വലിയ തെറ്റുകളുണ്ടെന്നായിരുന്നു എഎപി ദേശീയ കണ്വീനർ അരവിന്ദ് കേജരിവാളിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം
പോളിംഗ് സമയത്തെ സിസിടിവി വീഡിയോകൾ വോട്ട് ചെയ്തയാളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണു നിയമത്തിൽ ഭേദഗതി വരുത്തിയതെന്ന് അധികൃതർ സൂചിപ്പിച്ചു.
ഇത്തരം ദൃശ്യങ്ങൾ നിർമിതബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോകളാക്കി മാറ്റാൻ സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിലെ എല്ലാ രേഖകളും പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും എന്നാൽ ഭേദഗതിക്കുശേഷം ഇലക്ട്രോണിക് ദൃശ്യങ്ങൾ ലഭിക്കാൻ കോടതിയെ സമീപിക്കേണ്ടിവരുമെന്നു മാത്രമാണ് വ്യത്യാസമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.