ബാബറി മസ്ജിദ് പരാമർശം; മഹാവികാസ് അഘാഡിയിൽനിന്ന് എസ്പി പിന്മാറി
Sunday, December 8, 2024 1:58 AM IST
മുംബൈ: ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് ശിവസേനാ സ്ഥാപകൻ ബാൽതാക്കറയുടെ പ്രസ്താവന കുത്തിപ്പൊക്കിയതു മഹാരാഷ്ട്രയിലെ പ്രതിപക്ഷസഖ്യമായ മഹാവികാസ് അഘാഡിക്കു തിരിച്ചടിയാകുന്നു.
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ മുപ്പത്തിരണ്ടാംവാർഷികത്തിൽ ഷിൻഡെ വിഭാഗം ശിവസേനയുടെ മുതിർന്ന നേതാവ് മിലിന്ദ് നര്‍വേകര്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച സന്ദേശമാണ് മുന്നണിക്കു വിനയായത്.
ബാബറി മസ്ജിദിന്റെ ചിത്രവും ശിവസേന സ്ഥാപകനായ ബാല്‍ താക്കറേയുടെ ചിത്രവും “ഇത് ചെയ്തവരെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു’’ എന്ന താക്കറയുടെ വാക്കുകളും അടങ്ങുന്നതായിരുന്നു സന്ദേശം. പാർട്ടിയെ ഇപ്പോൾ നയിക്കുന്ന ഉദ്ദവ് താക്കറേയുടെയും ആദിത്യ താക്കറേയുടെയും മാത്രമല്ല സ്വന്തം ചിത്രവും പോസ്റ്റിൽ മിലിന്ദ് പ്രദർശിപ്പിച്ചിരുന്നു.
ഇതാണു സമാജ്വാദി പാർട്ടി നേതൃത്വത്തെ ചൊടുപ്പിച്ചത്. മതേതര നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും മുന്നണി ബന്ധം ഉപേക്ഷിക്കുകയാണെന്നും എസ്പി നേതൃത്വം ഇതേത്തുടർന്ന് വ്യക്തമാക്കുകയായിരുന്നു. രണ്ട് എംഎൽഎമാരാണ് മഹാരാഷ് ട്രയിൽ സമാജ്വാദി പാർട്ടിക്കുള്ളത്.