എംപിമാരുമായുള്ള ചർച്ചയെ വളച്ചൊടിച്ചതിനെ സിബിസിഐ അപലപിച്ചു
Sunday, December 8, 2024 1:58 AM IST
ന്യൂഡൽഹി: ക്രിസ്മസിന് മുന്നോടിയായി ക്രൈസ്തവ എംപിമാരുമായി നടത്തിയ അനൗപചാരിക ചർച്ചകളെ നിക്ഷിപ്ത താത്പര്യങ്ങൾക്കായി വളച്ചൊടിച്ചതിനെ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അപലപിച്ചു.
ഇരുപതോളം എംപിമാരുമായി സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് തികച്ചും അനൗപചാരികമായാണു ചർച്ച നടത്തിയതെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ വ്യക്തമാക്കി.
ചർച്ചകളിലെ ഏതാനും അഭിപ്രായങ്ങൾ മാത്രം പ്രസിദ്ധീകരിച്ചു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം അപലപനീയമാണ്. വാർത്താ ഏജൻസിയായ പിടിഐ നൽകിയ വാർത്ത ഭാഗികവും തെറ്റിദ്ധാരണാജനകവുമാണ്. പങ്കെടുത്തവരിൽ ചില എംപിമാരുടെ പേരുകൾ ഒഴിവാക്കിയതുപോലും സംശയകരമാണ്. -സിബിസിഐ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, എംപിമാരായ ഡെറിക് ഒബ്രിയാൻ, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ജോണ് ബ്രിട്ടാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തുവെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. എന്നാൽ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, മേഘാലയ എംപി ഡോ. വാൻവീറോയ് ഖർലൂഖി തുടങ്ങിയവരുടെ പേരുകൾ ഒഴിവാക്കിയത് ബോധപൂർവമാകും.
വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ള എംപിമാരെ ഉൾപ്പെടുത്തി ഡിസംബർ മൂന്നിനു നടത്തിയ സമ്മേളനം രാഷ്ട്രീയലക്ഷ്യങ്ങളോടെയായിരുന്നില്ല. ഔദ്യോഗിക സമ്മേളനവുമായിരുന്നില്ല.
ക്രിസ്മസിന്റെ ചൈതന്യം ഉൾക്കൊണ്ടുള്ള സൗഹൃദ കൂട്ടായ്മ മാത്രമായിരുന്നുവെന്ന് ഇത്. യോഗത്തിലെ ചർച്ചകൾ സ്വകാര്യമാണെന്ന് യോഗത്തിന്റെ തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു.
അനൗപചാരിക കൂട്ടായ്മയായിരുന്നതിനാൽ ഫോട്ടോകൾ എടുക്കുന്നത് ഒഴിവാക്കിയിരുന്നതുമാണ്-സിബിസിഐ വിശദീകരിച്ചു.