ഗൂഗിൾ മാപ്പ് ചതിച്ചു ; ഗോവയിലേക്കു പുറപ്പെട്ട കുടുംബം ചെന്നെത്തിയത് ഉൾവനത്തിൽ
Sunday, December 8, 2024 1:58 AM IST
ബംഗളൂരു: ഗൂഗിൾ മാപ്പ് നോക്കി ഗോവയ്ക്കു പോയ കുടുംബം ചെന്നെത്തിയത് കർണാടകയിലെ ഉൾവനത്തിൽ.
മധ്യപ്രദേശിലെ ഉജ്ജെയ്നിൽനിന്നു ഗോവയിലേക്ക് പുറപ്പെട്ട ബിഹാർ സ്വദേശികളായ രാജ് ദാസും(28) കുടുംബവുമാണ് കർണാടകയിൽ ബെലാഗവി ജില്ലയിലെ ഖാനാപുർ താലൂക്കിൽപ്പെട്ട ഷിരോളി വനത്തിൽ കുടുങ്ങിയത്.
രണ്ടു പുരുഷന്മാരും രണ്ടു സത്രീകളും അടങ്ങുന്ന സംഘം ബുധനാഴ്ച രാത്രിയിലാണു കാറിൽ യാത്ര പുറപ്പെട്ടത്. പുലർച്ചെ 2.30മുതൽ നേരം പുലരുംവരെ ഇവർ കാട്ടിൽ കാറിനുള്ളിൽ കഴിച്ചുകൂട്ടുകയായിരുന്നു.
ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിച്ചു യാത്ര ചെയ്ത ഇവർ കൂടുതൽ ഉൾവനത്തിലേക്കു കടന്നപ്പോൾ മൊബൈൽ റേഞ്ച് നഷ്ടമായി. ഇതോടെ ഇവിടെ കഴിച്ചുകൂട്ടിയശേഷം വ്യാഴാഴ്ച രാവിലെ റേഞ്ചുള്ള സ്ഥലത്തെത്തി ഖാനാപുർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇവരെ പുറത്തെത്തിച്ചു. 31 കിലോമീറ്റർ ഉൾവനത്തിലേക്കു യാത്ര ചെയ്താണ് പോലീസ് കുടുംബത്തിനടുത്ത് എത്തിച്ചേർന്നത്.